ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയില്‍ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്‍നിര്‍ത്തി രണ്ട് വന്‍കിട ജലവൈദ്യുത അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയ്ക്കും കാരണമായ ‘സൈറ്റ് സി’ പദ്ധതിക്ക് ശേഷം, പീസ് നദിയില്‍ നാലാമതൊരു അണക്കെട്ട് കൂടി നിര്‍മ്മിക്കാനാണ് പ്രവിശ്യാ ഭരണകൂടം ലക്ഷ്യമിടുന്നത്. ‘സൈറ്റ് ഇ’ എന്നറിയപ്പെടുന്ന ഈ പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പീസ് നദിയുടെയും ആല്‍സെസ് നദിയുടെയും സംഗമസ്ഥാനത്ത് 750 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ടാവും ഉയരുക. ഇതിനുപുറമെ, പവല്‍ റിവറിന് വടക്കുകിഴക്കായി ബ്യൂട്ട് ഇന്‍ലെറ്റിന് (Bute Inlet) സമീപം 900 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു വലിയ പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
പ്രവിശ്യയിലെ വൈദ്യുതി ആവശ്യകത 2030ഓടെ 20 ശതമാനവും 2050ഓടെ 50 ശതമാനവും വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഊര്‍ജ്ജ മന്ത്രി അഡ്രിയാന്‍ ഡിക്‌സ് തിങ്കളാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. പീസ് നദിയില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ആദ്യ നിര്‍ദ്ദേശം 1958ലാണ് വരുന്നത്. ഇതില്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ 1,230 മെഗാവാട്ട് ശേഷിയുള്ള സൈറ്റ് സി അണക്കെട്ട്, അന്തരിച്ച മുന്‍ പ്രീമിയര്‍ ജോണ്‍ ഹോര്‍ഗന്റെ സ്മരണാര്‍ത്ഥം ‘ജോണ്‍ ഹോര്‍ഗന്‍ ഡാം’ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ പദ്ധതിക്ക് തുടക്കത്തില്‍ 8.8 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ അത് 16 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.

പീസ് നദിയില്‍ നിലവില്‍ ഡബ്ല്യു.എ.സി. ബെന്നറ്റ് ഡാം (1968), പീസ് കാന്യോണ്‍ ഡാം (1980) എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രഖ്യാപിച്ച സൈറ്റ് ഇ, ബ്യൂട്ട് ഇന്‍ലെറ്റ് പദ്ധതികള്‍ക്ക് പ്രവിശ്യയിലെ ‘ക്ലീന്‍ എനര്‍ജി ആക്ട്’ പ്രകാരം നിയമപരമായ വിലക്കുണ്ട്. അതിനാല്‍ ഈ പദ്ധതികളുടെ സാങ്കേതിക പഠനം നടത്തുന്നതിന് സര്‍ക്കാരിന് അനുമതി നല്‍കുന്നതിനായി വരും മാസങ്ങളില്‍ ഈ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പാക്കാനുള്ള പ്രഖ്യാപനമല്ലെന്നും, വിശദമായ സാങ്കേതിക പഠനങ്ങള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ തദ്ദേശീയ ജനവിഭാഗങ്ങളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
