Wednesday, June 17, 2026

അമേരിക്കൻ യാത്രകൾ കുറയുന്നു; യൂറോപ്യൻ ഫ്ലൈറ്റുകൾക്ക് വൻ ഡിമാൻഡ്

ഹാലിഫാക്സ്: കാനഡ–അമേരിക്ക ബന്ധത്തിൽ ഉണ്ടായ ചില അസ്വാരസ്യങ്ങളും യാത്രാച്ചെലവിലെ മാറ്റങ്ങളും കാരണം ഹാലിഫാക്സ് വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകളിൽ ഇടിവ് രേഖപ്പെടുത്തി. അതേസമയം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ വർധനവ്. വിമാന സർവീസുകളുടെ ഡാറ്റ വിശകലനം ചെയ്യുന്ന ‘സിറിയം’ (Cirium) റിപ്പോർട്ട് പ്രകാരം, ഈ വേനൽക്കാലത്ത് ഹാലിഫാക്സിൽ നിന്ന് യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം വർധിച്ചിട്ടുണ്ട്. കാനഡയിലെ മറ്റു പ്രദേശങ്ങളിൽ യൂറോപ്യൻ സർവീസുകളുടെ വളർച്ച ശരാശരി 1.8 ശതമാനം മാത്രമായിരിക്കെയാണ് ഹാലിഫാക്സിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തുന്നത്.

വിമാനത്താവള അധികൃതർ പറയുന്നതനുസരിച്ച്, വടക്കേ അമേരിക്കയിലെ അന്താരാഷ്ട്ര സർവീസുകൾ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന വിമാനത്താവളങ്ങളിലൊന്നായി ഹാലിഫാക്സ് മാറിയിട്ടുണ്ട്. നിലവിൽ യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്ക് 15 നേരിട്ടുള്ള സർവീസുകൾ ലഭ്യമാണ്. ഇതും ചരിത്രത്തിലാദ്യമാണ്.

എയർ കാനഡയും വെസ്റ്റ്‌ജെറ്റും ഉൾപ്പെടെയുള്ള കമ്പനികൾ ബ്രസ്സൽസ് അടക്കമുള്ള നാല് പുതിയ യൂറോപ്യൻ റൂട്ടുകൾ ഈ വർഷം ആരംഭിച്ചിട്ടുണ്ട്. പുതിയ റൂട്ടുകളും സർവീസുകളുടെ വർധനയും അറ്റ്ലാന്റിക് കടന്നുള്ള യാത്രക്കാരുടെ എണ്ണം ഉയരാൻ പ്രധാന കാരണമായെന്ന് അധികൃതർ വ്യക്തമാക്കുന്നു.

രാജ്യാന്തര യാത്രക്കാർക്കായി ആരംഭിച്ച പുതിയ ‘ഇന്റർനാഷണൽ കണക്ഷൻസ് ഫെസിലിറ്റി’യുടെ കീഴിലുള്ള ആദ്യ വേനൽക്കാല സീസണാണിത്. മുൻവർഷം 4.1 മില്യൺ യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചതെങ്കിൽ, സർവീസുകൾ വിപുലീകരിച്ചതോടെ 2026-ൽ യാത്രക്കാരുടെ എണ്ണം 4.4 മില്യണായി ഉയരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ സ്വീകരിച്ച നയങ്ങളും വിവാദ പ്രസ്താവനകളും അമേരിക്കയിലേക്കുള്ള യാത്രകളിൽ കുറവുണ്ടാക്കിയതായി ടൂറിസം മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, യൂറോപ്പിലേക്കുള്ള യാത്രകൾ കൂടുതൽ സാമ്പത്തികമായി ലാഭകരമാണെന്നതും ഈ മാറ്റത്തിന് കാരണമാകുന്നുവെന്ന് യാത്രാ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!