കൊച്ചി: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഉയിർ’ന്റെ ടീസർ പുറത്തിറങ്ങി. ‘വർഗ്ഗം’, ‘വാസ്തവം’, ‘ശിക്കാർ’, ‘ജോസഫ്’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം സംവിധായകൻ ഒരുക്കുന്ന ഈ ചിത്രം ശക്തമായ ഒരു സസ്പെൻസ് ത്രില്ലറാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കണ്ണൂർ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ടീസർ, ദുരൂഹമായ ഒരു മരണവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് പ്രധാനമായി അവതരിപ്പിക്കുന്നത്.
കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും, അതിന് പിന്നിലെ സ്ത്രീകളുടെ തിരോധാന കേസുകളുമായുള്ള ബന്ധവുമാണ് ടീസറിൽ പ്രധാനമായും കാണിക്കുന്നത്. യഥാർത്ഥ പൊലീസ് ഉദ്യോഗസ്ഥനും ‘ഇല വീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനുമായ ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ അനുഭവങ്ങളും സിനിമാറ്റിക് അവതരണ ശൈലിയും ചേർന്ന തിരക്കഥ ചിത്രത്തിന് പ്രത്യേകത നൽകുന്നു.

റോഷൻ മാത്യുവിനൊപ്പം ബൈജു സന്തോഷ് ഒരു പ്രധാന പോലീസ് കഥാപാത്രമായി എത്തുന്നു. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുവെന്നതും പ്രത്യേകതയാണ്.
കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമയ്ക്ക് മികച്ച സാങ്കേതിക സംഘവും പിന്നിലുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുമ്പോൾ മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. രഞ്ജൻ എബ്രഹാംമാണ് എഡിറ്റിംഗ്.
‘നീതി വ്യക്തിപരമാകുമ്പോൾ’ എന്ന ആശയം മുൻനിർത്തി ഒരുക്കിയിരിക്കുന്ന ‘ഉയിർ’ നല്ല ദൃശ്യാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
