Sunday, June 21, 2026

‘അമ്മ’യിലെ തര്‍ക്കം: ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി.

ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയാണ് ഇന്ന് രാവിലെ ആരംഭിച്ച യോഗത്തില്‍ തര്‍ക്കം രൂക്ഷമായത്. കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രണ്‍ജി പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിക്കാതെ രംഗത്തെത്തി. തെറ്റായ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ ഭരണസമിതി പ്രതിരോധത്തിലാവുകയായിരുന്നു. കണക്കുകളില്‍ വ്യക്തത വരുത്താന്‍ 45 ദിവസത്തെ സമയം വേണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ അത് അംഗീകരിച്ചില്ല.

തുടര്‍ന്ന് വേദിയില്‍ കയറി വൈകാരികമായാണ് ശ്വേത മേനോന്‍ തന്റെ രാജി സന്നദ്ധത അറിയിച്ചത്. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും, താരങ്ങള്‍ സ്ഥാനാര്‍ത്ഥികളായതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കി. രാജി പ്രഖ്യാപിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരടങ്ങുന്ന 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജിവെക്കുകയായിരുന്നു.

തര്‍ക്കങ്ങള്‍ക്കിടയില്‍ യോഗത്തില്‍ വൈകാരികമായി സംസാരിച്ച നടന്‍ മോഹന്‍ലാല്‍, വ്യക്തിപരമായ ഭിന്നതകള്‍ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വിഷയത്തില്‍ മോഹന്‍ലാല്‍ ശക്തമായ നിലപാട് എടുക്കണമെന്ന് കെ.ബി. ഗണേഷ് കുമാറും യോഗത്തില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയായപ്പോള്‍, ചരിത്രത്തിലാദ്യമായാണ് ‘അമ്മ’യുടെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ആ ഭരണസമിതിയാണ് ഒരു വര്‍ഷം തികയും മുന്‍പ് കലുഷിതമായ രംഗങ്ങള്‍ക്കൊടുവില്‍ ഒഴിഞ്ഞിരിക്കുന്നത്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തന്നെ അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യം ഉടനടി തീരുമാനിക്കുമെന്നും യോഗത്തിനു ശേഷം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!