Sunday, June 21, 2026

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ;ഈരാറ്റുപേട്ട സ്വദേശിയായ യുവാവും യുവതിയും അറസ്റ്റില്‍

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവതിയും യുവാവും പൊലീസിന്റെ പിടിയിലായി. കോട്ടയം പൊന്‍കുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുല്‍ സുനീര്‍ (29) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ലഹരിക്കടത്തിനെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ (Operation Toofan) പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ബെംഗളൂരുവില്‍ നിന്നും രണ്ട് വ്യത്യസ്ത ട്രാവല്‍ ബസുകളിലായി കേരളത്തിലെത്തിയ ഇരുവരും പന്നിയങ്കരയില്‍ ബസിറങ്ങുകയായിരുന്നു. തുടര്‍ന്ന് ടോള്‍ പ്ലാസയ്ക്ക് സമീപം ഒന്നിച്ച് കോട്ടയത്തേക്ക് പോകാനായി മറ്റൊരു ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് പൊലീസ് സംഘം ഇവരെ വളഞ്ഞത്. പരിശോധനയില്‍ ഇവരില്‍ നിന്ന് ആകെ 45.253 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികള്‍ വളരെ വിദഗ്ദ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇതില്‍ 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും, ബാക്കി 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു പൊലീസ് കണ്ടെടുത്തത്.

ബെംഗളൂരുവില്‍ നിന്നാണ് തങ്ങള്‍ ലഹരിവസ്തുക്കള്‍ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് പ്രാഥമിക മൊഴി നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇവര്‍ക്ക് പിന്നിലുള്ള വലിയ ലഹരി മാഫിയാ ശൃംഖലയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!