Sunday, June 21, 2026

ഇന്ധനവില വര്‍ധനയും ആനുകൂല്യങ്ങളും: കാനഡയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം

ഓട്ടവ: കാനഡയില്‍ ഇലക്ട്രിക് വാഹന (EV) വിപണി തിരിച്ചുവരവിന്റെ പാതയില്‍. കുതിച്ചുയരുന്ന ഇന്ധനവിലയും ലിബറല്‍ ഗവണ്‍മെന്റ് പുനരാരംഭിച്ച സാമ്പത്തിക ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ വീണ്ടും ഇവികളിലേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ലിബറല്‍ ഗവണ്‍മെന്റ് സബ്സിഡികള്‍ പുനഃസ്ഥാപിച്ചതോടെയാണ് വിപണിയില്‍ ഉണര്‍വ് പ്രകടമായത്. ഇതിന് പിന്നാലെ ഫെബ്രുവരി അവസാനത്തോടെ ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുകയും ചെയ്തു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 8,672 ഇവികള്‍ വിറ്റഴിച്ച സ്ഥാനത്ത് ഫെബ്രുവരിയില്‍ 12,547 ആയും മാര്‍ച്ചില്‍ 21,574 ആയും വില്‍പ്പന ഉയര്‍ന്നു. ഏപ്രിലില്‍ ഇത് 17,795 ആയി നേരിയ തോതില്‍ കുറഞ്ഞെങ്കിലും, 2026-ലെ ആദ്യ നാല് മാസത്തെ മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 20.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജെ.ഡി. പവര്‍ കാനഡ നടത്തിയ വാര്‍ഷിക സര്‍വേ പ്രകാരം, തങ്ങളുടെ അടുത്ത വാഹനം ഒരു ഇവി ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇത് 28 ശതമാനം മാത്രമായിരുന്നു. ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കാനഡക്കാര്‍ കൃത്യമായ സാമ്പത്തിക ലാഭം കണക്കുകൂട്ടിയാണ് ഇവികളിലേക്ക് മാറുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ധനസഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് 2025-ല്‍ ഇവി വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. കൂടാതെ, കാനഡയിലെ ഹോണ്ടയുടെ 15 ബില്യണ്‍ ഡോളറിന്റെ ഇവി കോംപ്ലക്‌സ് പദ്ധതി കഴിഞ്ഞ മാസം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് ഈ പുതിയ ഉണര്‍വ്.

നിലവില്‍ പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് 5,000 ഡോളര്‍ വരെയും ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 2,500 ഡോളര്‍ വരെയും ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കുന്നുണ്ട്. കാനഡയിലോ അല്ലെങ്കില്‍ കാനഡയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളിലോ നിര്‍മ്മിച്ച വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതോടെ സാധാരണ പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ വിലയിലേക്ക് ഇവികളുടെ വിലയും എത്തിക്കാന്‍ സാധിച്ചതായി കനേഡിയന്‍ ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതാണ് ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണം. നിലവില്‍ കാനഡയില്‍ പെട്രോള്‍ വില ലിറ്ററിന് ശരാശരി 1.63 ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24.1 സെന്റ് കൂടുതലാണ്. തങ്ങളുടെ വലിയ ഡീസല്‍ ട്രക്കുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ പ്രതിമാസം ആയിരത്തോളം ഡോളര്‍ ചിലവാകുന്ന സാഹചര്യത്തിലാണ് പലരും സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ എങ്കിലും വാങ്ങാന്‍ താത്പര്യം കാണിക്കുന്നതെന്ന് ഒന്റാറിയോയിലെ ഡീലര്‍മാര്‍ പറയുന്നു. ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള ഇന്ധനവില വര്‍ദ്ധനവില്‍ നിന്ന് പോക്കറ്റ് സുരക്ഷിതമാക്കാനാണ് ഉപഭോക്താക്കളുടെ ശ്രമം.

അതേസമയം, വിലക്കുറവുള്ള ചൈനീസ് ഇവി ബ്രാന്‍ഡുകള്‍ കനേഡിയന്‍ വിപണിയില്‍ പ്രവേശിക്കുകയാണെങ്കില്‍ അവ വാങ്ങാന്‍ തയ്യാറാണെന്ന് സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് ആളുകളും വ്യക്തമാക്കി. അടുത്തതായി ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ പകുതിയിലധികം പേരും ചൈനീസ് ബ്രാന്‍ഡുകളെ പരിഗണിക്കാന്‍ തയ്യാറാണ്. കുറഞ്ഞ വില തന്നെയാണ് ഈ താല്പര്യത്തിന് പിന്നിലെ പ്രധാന ഘടകം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!