Tuesday, June 23, 2026

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ നീലേശ്വരം സ്വദേശി ഹരിലാല്‍ ആണ്. മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന ഏഴ് വിദ്യാര്‍ത്ഥികളും മുതിര്‍ന്ന ഒരാളുമടക്കം എട്ട് പേരാണ് അപകടസമയത്ത് സ്റ്റോപ്പിലുണ്ടായിരുന്നത്. ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ പൂര്‍ണ്ണമായും മണ്ണിനടിയില്‍പ്പെടുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഓടിക്കൂടിയാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ടിപ്പര്‍ ലോറി മാറ്റുകയും ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയുമായിരുന്നു. അതീവ പ്രയത്‌നത്തിനൊടുവില്‍ മണ്ണ് മാറ്റി പുറത്തെടുക്കുമ്പോഴേക്കും മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.

അപകടത്തില്‍ പരിക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട കുട്ടികള്‍ ഏത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നതേയുള്ളൂ. അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഒരു ബൈക്കിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!