ടൊറന്റോ: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മത്സരവേദികളിലും പരിശീലന കേന്ദ്രങ്ങളിലും അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് കർശനമായി നിരോധിച്ച് ടൊറന്റോ പൊലീസ്. വിലക്ക് ലംഘിച്ച് ഡ്രോൺ പറത്തിയ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തതോടെയാണ് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയത്.
നിയമം ലംഘിച്ചവരിൽ ഒരാൾക്കെതിരെ പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ ഡ്രോൺ പ്രവർത്തിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാന വേദികളായ ടൊറന്റോ സ്റ്റേഡിയം, ഫോർട്ട് യോർക്ക്, ദ ബെൻറ്റ്വേ ഫാൻ ഫെസ്റ്റിവൽ മേഖല, എറ്റോബിക്കോക്കിലെ സെന്റീനിയൽ പാർക്ക്, ഡൗൺസ്വ്യൂ പാർക്ക് എന്നിവിടങ്ങളിലൊക്കെയും ഈ നിയന്ത്രണം ബാധകമായിരിക്കും.
മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമല്ല, മത്സരങ്ങളില്ലാത്ത ദിവസങ്ങളിലും ഡ്രോൺ നിയന്ത്രണങ്ങൾ തുടരുമെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കി. ലോകകപ്പ് കാണാൻ എത്തുന്ന ലക്ഷക്കണക്കിന് ആരാധകരുടെയും കളിക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ വിവിധ ദേശീയ ടീമുകളുടെ പരിശീലന തന്ത്രങ്ങളും രഹസ്യ വിവരങ്ങളും അനധികൃതമായി പകർത്തുന്നത് തടയാനും ഈ നിയന്ത്രണം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

വിലക്ക് ലംഘിച്ച് പറത്തുന്ന ഡ്രോണുകളെ കണ്ടെത്തുന്നതിനായി അത്യാധുനിക നിരീക്ഷണ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും ഫിഫ വേദികളിൽ സജ്ജമാക്കിയിട്ടുണ്ട്. മുമ്പും നിയമം ലംഘിച്ച നിരവധി പേരെ പിടികൂടി പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും ഡ്രോൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ടൊറന്റോ പൊലീസ് മുന്നറിയിപ്പ് നൽകി.
