വാഷിങ്ടൺ: അമേരിക്കയിലെ മേരിലാൻഡിൽ ചെറുവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചതിൽ കനേഡിയൻ പൗരനും. ശനിയാഴ്ച രാത്രി ഏകദേശം 11.30-ഓടെ ബോവി നഗരത്തിന് സമീപമുള്ള വനമേഖലയിലാണ് അപകടം നടന്നത്.മരിച്ചവർ കാനഡ സ്വദേശിയായ എലാഡ് നൈഡിക് (20) കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന ഇസ്രായേൽ സ്വദേശികളായ യോവ് ബോംറിന്ദ് (26), ഡേവിഡ് റാബിനോവിച്ച് (19) എന്നിവരാണെന്ന് മേരിലാൻഡ് സ്റ്റേറ്റ് പൊലീസ് സ്ഥിരീകരിച്ചു.
ന്യൂജഴ്‌സിയിലെ ഓഷ്യൻ സിറ്റിയിൽ നിന്ന് മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടി എയർ പാർക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന പൈപ്പർ ചെറോക്കി എന്ന ഒറ്റ എൻജിൻ വിമാനം ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ, യാത്രക്കാരിൽ ഒരാളുടെ ഐഫോണിൽ നിന്നുള്ള ക്രാഷ് അലർട്ട് രാത്രി 11.45-ഓടെ ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്ച പുലർച്ചെ 3.45-ഓടെ ബോവി നഗരത്തിലെ താമസമേഖലയ്ക്ക് സമീപമുള്ള കാട്ടിൽ വിമാനം തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. മോണ്ട്ഗോമറി കൗണ്ടിയിലെ ഒരു പ്രാദേശിക ഫ്ലൈറ്റ് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള വിമാനമായിരുന്നു ഇത്. പൈലറ്റ് പരിശീലനത്തിന്റെ ഭാഗമായുള്ള യാത്രയായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം.അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
