ടൊറൻ്റോ: ഒന്റാരിയോ പ്രവിശ്യയിലുടനീളമുള്ള പ്രധാന ഹൈവേകളിൽ വാഹനങ്ങളുടെ നിയമപരമായ വേഗത പരിധി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഒന്റാരിയോ ഹൈവേ ശൃംഖലയിലെ 938 കിലോമീറ്റർ ദൂരത്തിൽ വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്നും 110 കിലോമീറ്ററായി ഉയർത്തുമെന്ന് ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയ വേഗത പരിധി മാറ്റങ്ങൾ ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച മുതൽ ഈസ്റ്റേൺ ഒന്റാരിയോയിലെ ഹൈവേ 401, ഹൈവേ 416 എന്നിവയുടെ ചില ഭാഗങ്ങളിൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. തുടർന്ന് സെപ്റ്റംബർ അവസാനത്തോടെ ഹൈവേ 401-ന്റെ മറ്റ് ഭാഗങ്ങൾ, ക്വീൻ എലിസബത്ത് വേ (QEW), ഹൈവേകൾ ആയ 402, 403, 416, 417 എന്നിവയിലേക്കും ഈ വേഗത വർദ്ധനവ് വ്യാപിപ്പിക്കും. സുരക്ഷിതമായി വേഗത ഉയർത്താൻ സാധിക്കുന്ന ഹൈവേകളെക്കുറിച്ച് 2024-ൽ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ച പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നടപടി.

യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായും വേഗത്തിലും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ഈ മാറ്റം സഹായിക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പുതിയ വേഗത പരിധി പ്രാബല്യത്തിൽ വരുന്നതോടെ സാർണിയയിൽ നിന്ന് ടൊറന്റോയിലേക്കുള്ള യാത്രാസമയത്തിൽ ഏകദേശം 20 മിനിറ്റും, ടൊറന്റോയിൽ നിന്ന് ഒട്ടാവയിലേക്കുള്ള യാത്രയിൽ അരമണിക്കൂറോളം സമയവും ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കൂടാതെ, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ബ്രാഡ്ഫോർഡ് ബൈപാസ്, ഹൈവേ 413 എന്നിവ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് രൂപകൽപ്പന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
