Wednesday, June 24, 2026

ഊർജരംഗത്ത് പുതിയ അധ്യായം; ആണവമേഖലയിൽ വൻ നിക്ഷേപത്തിന് അദാനി

ഡൽഹി: ഇന്ത്യയുടെ ഊർജരംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിട്ട് ആണവമേഖലയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നതായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രഖ്യാപിച്ചു. 2035ഓടെ 10 ജിഗാവാട്ട് ആണവ വൈദ്യുതി ഉൽപാദന ശേഷി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗൗതം അദാനി നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് ആണവോർജ മേഖലയിലേക്കുള്ള പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഊർജമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് അദാനി വ്യക്തമാക്കി. പരമ്പരാഗത ഊർജ സ്രോതസുകൾക്കും പുനരുപയോഗ ഊർജത്തിനും പുറമെ ആണവോർജവും ഇന്ത്യയുടെ ഭാവി വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊർജമേഖലയ്ക്ക് പുറമേ ഖനനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന മേഖലകളിലും നിക്ഷേപം വ്യാപിപ്പിക്കുമെന്ന് അദാനി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം നടത്തി 45 ജിഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയിലെത്തുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ത്യയുടെ വളരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വ്യവസായ വളർച്ചയ്ക്ക് കരുത്തേകുന്നതിനുമായി വൻ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!