വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കാൻ തയ്യാറാകാത്ത വൻകിട എണ്ണക്കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ ക്രൂരമായി കൊള്ളയടിക്കുകയാണെന്നും ഇതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാൻ യുഎസ് നീതിന്യായ വകുപ്പിന് നിർദ്ദേശം നൽകിയതായും ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രതികരിച്ച ട്രംപ്, എണ്ണക്കമ്പനികൾ ജനങ്ങളെ അന്യായമായി ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചു. അസംസ്‌കൃത എണ്ണവില വലിയ തോതിൽ താഴ്ന്നിട്ടും പെട്രോൾ പമ്പുകളിൽ വില കുറയാത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള സമാധാന കരാർ ഒപ്പുവെച്ചതിനെ തുടർന്ന് ആഗോള എണ്ണവിലയിൽ ഇടിവുണ്ടായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. എന്നാൽ ഈ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കാത്തത് ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
