ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ശുപാർശ ചെയ്തു. ട്രസ്റ്റ് ഭാരവാഹികൾക്കും തട്ടിപ്പിൽ പങ്കുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേസിൽ ഏകദേശം 17 പേരെ പ്രതികളാക്കിയേക്കും.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ക്ഷേത്രപരിസരത്ത് വീണ്ടും പരിശോധന നടത്തി. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമായതോടെ അന്വേഷണം ട്രസ്റ്റ് നേതൃത്വത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. വിഎച്ച്പി നേതാവായ ചമ്പത് റായിയെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ശനിയാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.

ഇതിനിടെ, ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായി ഓഡിറ്റ് സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതോടെ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.2023-ൽ 9 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി പിന്നീട് 55 കോടി രൂപയ്ക്ക് ട്രസ്റ്റിന് വിറ്റുവെന്നതാണ് പ്രധാന ആരോപണം. പണമിടപാടുകൾക്ക് വ്യക്തമായ രേഖകൾ ഇല്ലായിരുന്നുവെന്നും 2020-ൽ തന്നെ ഓഡിറ്റ് സം ഘം ഇത് കണ്ടെത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയവരുടെയും മൊഴികൾ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കാണാതായതായി പറയപ്പെടുന്ന 60 കിലോ വെള്ളി സംഭാവന നൽകിയ അനുരാഗ് രസ്തോഗിയുടെ മൊഴി ആദ്യം രേഖപ്പെടുത്തും.ട്രസ്റ്റിന്റെ വിവിധ ഭൂമി ഇടപാടുകളും നിർമ്മാണ സാമഗ്രികൾ വാങ്ങിയ രീതിയും ഉൾപ്പെടെ സമഗ്രമായി പരിശോധിച്ചുവരികയാണ്. വിപണി വിലയേക്കാൾ 500% മുതൽ 800% വരെ ഉയർന്ന നിരക്കിൽ ഏകദേശം 71 ഏക്കർ ഭൂമി വാങ്ങിയതായുള്ള സൂചനകളും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ, വഴിപാടുകളുടെ കണക്കുകൾ, സംഭാവനകൾ എണ്ണുന്ന രീതി, ബാങ്ക് നിക്ഷേപ പ്രക്രിയ എന്നിവ ഉൾപ്പെടെ നിരവധി നിർണായക രേഖകളും ഇടപാടുകളും എസ്ഐടി പരിശോധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
