Wednesday, June 24, 2026

ഒന്റാരിയോയിൽ വിവരാവകാശ നിയമ ഭേദഗതികൾ പ്രാബല്യത്തിൽ; സർക്കാരിന്റെ സുതാര്യതയെ ബാധിക്കുമെന്ന് വിദഗ്ധർ

ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിലെ വിവരാവകാശ (FOI) നിയമങ്ങളിൽ പ്രീമിയർ ഡഗ് ഫോർഡ് കൊണ്ടുവന്ന വിവാദ ഭേദഗതികൾ ഔദ്യോഗികമായി പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം പ്രീമിയർ, അദ്ദേഹത്തിന്റെ മന്ത്രിസഭ, കൂടാതെ സ്റ്റാഫ് എന്നിവരെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.

ഭേദഗതികൾ പ്രാബല്യത്തിൽ വന്നതോടെ മുൻപ് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്ന ഡഗ് ഫോർഡിന്റെ ഔദ്യോഗിക കലണ്ടർ, ആശുപത്രി കമ്മി വിവരങ്ങൾ, ഫ്ലൂ ബ്രീഫിംഗുകൾ, ബില്ലി ബിഷപ്പ് എയർപോർട്ട് രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകൾ നിരസിക്കപ്പെട്ടു തുടങ്ങിയതായി സിബിസി ടൊറന്റോ റിപ്പോർട്ട് ചെയ്തു.

മാർച്ചിൽ പ്രഖ്യാപിച്ച ഈ ഭേദഗതികൾ മുൻകാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ നിരീക്ഷകരും വിദഗ്ധരും ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കുറയുകയും പൊതുജന വിശ്വാസത്തെ ബാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം, ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ഈ മാറ്റങ്ങളെ ന്യായീകരിച്ചു. വിവരാവകാശ സംവിധാനത്തെ ഫെഡറൽ ഗവൺമെന്റിന്റെ മാതൃകയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും മുൻപ് ഈ നിയമത്തിൽ ഒന്റാരിയോ ഒരു ഒറ്റപ്പെട്ട പ്രവിശ്യയായിരുന്നുവെന്നും പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു.

ഈ നിയമം ജനങ്ങൾക്കിടയിൽ സർക്കാർ കാര്യങ്ങൾ ഒളിച്ചുവെക്കുന്നു എന്ന ധാരണ ഉണ്ടാക്കുമെന്ന് മുൻ ലിബറൽ കാബിനറ്റ് മന്ത്രി ജോൺ മില്ലോയ് അഭിപ്രായപ്പെട്ടു. സ്വകാര്യ ജെറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒസാപ്പ് (OSAP) ഫണ്ട് വെട്ടിക്കുറയ്ക്കലും പ്രീമിയറിന്റെ ജനപ്രീതിയിലെ ഇടിവും നിലനിൽക്കുന്ന സാഹചര്യത്തിൽ, പുതിയ വിവരാവകാശ ഭേദഗതികൾ ഭരണകക്ഷിക്ക് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!