ഓട്ടവ:കാനഡയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിർണായക മുന്നറിയിപ്പുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). സ്റ്റഡി പെർമിറ്റ് നിബന്ധനകളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ കർശനമായി പാലിക്കാത്ത വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് അസാധുവാകാനും തുടർപഠനത്തെയും ഭാവിയിലെ ഇമിഗ്രേഷൻ സാധ്യതകളെയും ബാധിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ഇനി മുതൽ സ്റ്റഡി പെർമിറ്റിൽ പേര് രേഖപ്പെടുത്തിയ കോളേജ് (DLI) മാറി മറ്റൊരു കോളേജിലേക്കോ സർവകലാശാലയിലേക്കോ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇനി പുതിയ സ്റ്റഡി പെർമിറ്റിനായി അപേക്ഷിക്കേണ്ടതാണ്. മുൻപ് നിലവിലുണ്ടായിരുന്ന ലളിതമായ ഓൺലൈൻ DLI ട്രാൻസ്ഫർ സംവിധാനം അവസാനിപ്പിച്ചതായി IRCC വ്യക്തമാക്കുന്നു. അനുമതിയില്ലാതെ സ്ഥാപനം മാറുന്നവർ സ്റ്റഡി പെർമിറ്റിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നവരായി കണക്കാക്കപ്പെടും.
കോഴ്സ് മാറ്റങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. ഒരേ വിദ്യാഭ്യാസ നിലവാരത്തിലുള്ള (ഉദാഹരണത്തിന് ഡിപ്ലോമയിൽ നിന്ന് മറ്റൊരു ഡിപ്ലോമയിലേക്ക്) കോഴ്സുകളിലേക്ക് മാറുന്നത് എളുപ്പമായിരിക്കുമ്പോൾ, പഠനനിലവാരം മാറുന്ന സാഹചര്യങ്ങളിൽ പുതിയ സ്റ്റഡി പെർമിറ്റ് ആവശ്യമായി വരാം.
പഠനം പൂർത്തിയായതായി കണക്കാക്കുന്ന തീയതി സംബന്ധിച്ചും വ്യക്തത വരുത്തിയിട്ടുണ്ട്. കോളേജ് നൽകുന്ന കോഴ്സ് പൂർത്തീകരണ കത്ത്, ട്രാൻസ്ക്രിപ്റ്റ്, അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് എന്നിവയിൽ ആദ്യം ലഭിക്കുന്ന രേഖയുടെ തീയതിയാണ് ഔദ്യോഗിക പൂർത്തീകരണ തീയതിയായി കണക്കാക്കുക. പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് (PGWP) അപേക്ഷിക്കാനുള്ള 180 ദിവസത്തെ സമയപരിധി ഈ തീയതി മുതലാണ് ആരംഭിക്കുന്നത്.

അതേസമയം, പഠനത്തിൽ നിന്ന് ഔദ്യോഗിക അവധിയിലായിരിക്കുമ്പോഴോ വിദ്യാഭ്യാസ സ്ഥാപനം താൽക്കാലികമായി അടച്ചിരിക്കുമ്പോഴോ വിദ്യാർത്ഥികൾക്ക് പാർട്ട്-ടൈം ജോലി ചെയ്യാനോ കോ-ഓപ്പ് പ്ലേസ്മെന്റുകളിൽ പങ്കെടുക്കാനോ സാധിക്കില്ലെന്നും പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
2024 നവംബർ മുതൽ കോളേജ് മാറ്റുകയോ പഠനപരിപാടിയിൽ മാറ്റം വരുത്തുകയോ ചെയ്ത വിദ്യാർത്ഥികൾ തങ്ങളുടെ സ്റ്റഡി പെർമിറ്റ് നിലവിലെ നിയമങ്ങളോട് പൊരുത്തപ്പെടുന്നുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ നിർദേശിക്കുന്നു. സംശയങ്ങളുള്ളവർ അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റുകളുടെയോ നിയമവിദഗ്ധരുടെയോ സഹായം തേടണമെന്നും അവർ പറയുന്നു.
