അറ്റ്ലാന്റിക്: ന്യൂബ്രണ്‍സ്വിക്കിലെ റെനൗസിലുള്ള അതീവ സുരക്ഷാ ജയിലായ അറ്റ്ലാന്റിക് ഇന്‍സ്റ്റിറ്റിയൂഷനില്‍ (Atlantic Institution) നിന്ന് വീണ്ടും വന്‍തോതില്‍ നിരോധിത സാധനങ്ങളും ലഹരിവസ്തുക്കളും പിടികൂടി. ബുധനാഴ്ച ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 65,000 ഡോളര്‍ (ഏകദേശം 54 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മൂല്യം വരുന്ന സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
‘ഷാറ്റര്‍’ (shatter – അതീവ വീര്യമുള്ള കഞ്ചാവ് ഉല്‍പ്പന്നം), സെറാമിക് കത്തി, മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവയാണ് തടവുകാരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കറക്ഷണല്‍ സര്‍വീസ് കാനഡ (CSC) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജയിലിനുള്ളിലെ വിപണി മൂല്യം കണക്കാക്കിയാണ് ഇതിന്റെ ആകെ തുക അധികൃതര്‍ വ്യക്തമാക്കിയത്.

ഈ ആഴ്ചയില്‍ മാത്രം ഈ ജയിലില്‍ നടക്കുന്ന രണ്ടാമത്തെ വലിയ വേട്ടയാണിത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്റ്റെറോയിഡുകള്‍, കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെ 110,000 ഡോളറിലധികം വിലവരുന്ന മാരക മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ഇവിടെനിന്ന് പിടികൂടിയിരുന്നു.
ജയിലുകളിലേക്ക് ലഹരിവസ്തുക്കളും ആയുധങ്ങളും കടത്തുന്നത് തടയാന്‍ അയോണ്‍ സ്കാനറുകള്‍ (ion scanners), പ്രത്യേക പരിശീലനം ലഭിച്ച മയക്കുമരുന്ന് ഡിറ്റക്ടര്‍ നായ്ക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് കറക്ഷണല്‍ സര്‍വീസ് കാനഡ ഉപയോഗിക്കുന്നത്. ജയില്‍ സുരക്ഷയെ ബാധിക്കുന്ന മയക്കുമരുന്ന് ഉപയോഗം, കള്ളക്കടത്ത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാനായി 1-866-780-3784 എന്ന ടോള്‍ ഫ്രീ ഹെല്പ്പ്ലൈന് നമ്പറും അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.
