Saturday, June 27, 2026

ഔദ്യോഗിക വസതിയുടെ നവീകരണം: സംഭാവന നല്‍കുന്നവരുടെ പട്ടിക പരസ്യമാക്കുമെന്ന് കാര്‍ണി

ഓട്ടവ: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി (24 Sussex Drive) നവീകരിക്കുന്നതിനുള്ള ദേശീയ ഫണ്ട് ശേഖരണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. പദ്ധതിക്കായി നല്‍കാവുന്ന സംഭാവനകള്‍ക്ക് കൃത്യമായ പരിധി നിശ്ചയിക്കുമെന്നും പണം നല്‍കുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കുന്ന ‘റിഡോ ഹാള്‍ ഫൗണ്ടേഷന്‍’ (Rideau Hall Foundation) ആയിരിക്കും സംഭാവനകളുടെ പരിധിയില്‍ അന്തിമ തീരുമാനമെടുക്കുക. ആകെ സമാഹരിക്കുന്ന തുകയുടെ പരമാവധി 10 ശതമാനം അല്ലെങ്കില്‍ ഒരു നിശ്ചിത തുക മാത്രമായിരിക്കും ഒരാളില്‍ നിന്ന് സ്വീകരിക്കുകയെന്ന് കാര്‍ണി പറഞ്ഞു. കനേഡിയന്‍ പൗരന്മാര്‍, സ്ഥിരതാമസക്കാര്‍, ജീവകാരുണ്യ സംഘടനകള്‍ എന്നിവരില്‍ നിന്ന് മാത്രമേ സംഭാവനകള്‍ സ്വീകരിക്കൂ. കോര്‍പ്പറേറ്റ് കമ്പനികളെ ഇതില്‍ പങ്കാളികളാകാന്‍ അനുവദിക്കില്ല. ഫണ്ട് ശേഖരണ പ്രക്രിയയില്‍ സര്‍ക്കാരിന് യാതൊരുവിധ സ്വാധീനവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായുള്ള അവഗണനയെത്തുടര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലാവുകയും താമസയോഗ്യമല്ലാതാവുകയും ചെയ്ത 24 സസെക്‌സ് ഡ്രൈവിലെ വസതി പുനരുദ്ധരിക്കാനുള്ള പദ്ധതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, നവീകരണത്തിന്റെ കൃത്യമായ ചിലവ് എത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഡിസൈന്‍ ടീമുകള്‍ വസതിയുടെ ഘടന നിശ്ചയിച്ച ശേഷമേ കൃത്യമായ ബജറ്റ് പുറത്തുവിടൂ.

വസതിയുടെ ആധുനികവല്‍ക്കരണത്തിനായി കനേഡിയന്‍ ഡിസൈന്‍ കമ്പനികള്‍ക്കിടയില്‍ ഒരു മത്സര പരിപാടി സംഘടിപ്പിക്കും. റോയല്‍ ആര്‍ക്കിടെക്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാനഡയുടെ മേല്‍നോട്ടത്തില്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് മോഷെ സാഫ്ദിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ജൂറിയായിരിക്കും ഇതില്‍ നിന്നും മികച്ച ഡിസൈന്‍ തിരഞ്ഞെടുക്കുക. വിജയിക്കുന്ന പ്രൊജക്റ്റ് 2027-ലെ കാനഡ ദിനത്തില്‍ (Canada Day 2027) പ്രഖ്യാപിക്കും.

നികുതിപ്പണം ഉപയോഗിക്കുന്നതിന് പകരം എന്തുകൊണ്ടാണ് സംഭാവനകള്‍ സ്വീകരിക്കുന്നതെന്ന ചോദ്യത്തിന്, സര്‍ക്കാരിന് മുന്നില്‍ മറ്റ് നിരവധി മുന്‍ഗണനാ പദ്ധതികളുണ്ടെന്നാണ് കാര്‍ണി മറുപടി നല്‍കിയത്. 1868-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചരിത്രപ്രസിദ്ധമായ വസതി കാനഡയുടെ ജനാധിപത്യത്തിന്റെ പ്രതീകമാണെന്നും എലിസബത്ത് രാജ്ഞി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, യു.എസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി തുടങ്ങിയ പ്രമുഖര്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഈ കെട്ടിടം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ വസതി ഒഴിഞ്ഞുകിടക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!