ഡൽഹി: അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ കർശന നടപടിയുമായി ഫൈസാബാദ് ബാർ അസോസിയേഷൻ. കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 80 പേർക്ക് പൊലീസ് നോട്ടീസ് അയച്ചു. ട്രസ്റ്റിൽ നിന്ന് രാജിവെച്ച അനിൽ മിശ്ര, ട്രസ്റ്റ് അംഗം ഗോപാൽ റാവു എന്നിവരുൾപ്പെടെയുള്ളവരോടാണ് വിശദീകരണം തേടിയത്.അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവയോട് അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിലെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ, സംഭാവന തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര ഹർജി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല. കോടതി തുറന്നതിന് ശേഷം ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നിലവിൽ അന്വേഷണം വി.എച്ച്.പി നേതാക്കളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുറ്റാരോപിതനായ ചമ്പത് റായിയെ പൊലീസ് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പിന് പുറമെ ക്ഷേത്ര ട്രസ്റ്റിൽ ബന്ധുനിയമനങ്ങൾ നടന്നിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.2020-ന് ശേഷം ട്രസ്റ്റിന് കീഴിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്. ജൂൺ 5-ന് തന്നെ തട്ടിപ്പിനെക്കുറിച്ച് ചമ്പത് റായി അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അനിൽ മിശ്രയെയും ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
