Tuesday, June 30, 2026

നഗരസഭയിലെ സംഘർഷം: എൽഡിഎഫ്, യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാർക്കെതിരെ കേസ്

തിരുവനന്തപുരം∙ തിങ്കളാഴ്ച കോർപറേഷൻ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് മൂന്നു മുന്നണികളുടെയും കൗണ്‍സിലര്‍മാരെ പ്രതി ചേര്‍ത്ത് മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്തത് മൂന്ന് എഫ്‌ഐആറുകള്‍. ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഒരു കേസ് കൂടി എടുക്കും.

കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരായ എസ്. ഷേർളി, അനിത അലക്‌സ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി കൗണ്‍സിലറായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വി.ജി.ഗിരികുമാര്‍, വയല്‍ക്കര രതീഷ്, പാപ്പനംകോട് സജി എന്നീ നാല് കൗണ്‍സിലര്‍മാരും പ്രതികളാണ്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരെ ദേഹോപദ്രവം ഏല്‍പിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും മുഖത്തടിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഇതിനു പുറമേ പൊതുവഴി തടസപ്പെടുത്തിയതിനു പൊലീസ് സ്വമേധയാ രണ്ടു കേസുകള്‍ കൂടി എടുത്തിട്ടുണ്ട്. ഇതില്‍ ഒരു എഫ്‌ഐആറില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ എസ്.പി.ദീപക്, കെ.ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്. രണ്ടാമത്തെ എഫ്‌ഐആറില്‍ കെ.എസ്. ശബരീനാഥ്, മേരി പുഷ്പം എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

കൗണ്‍സില്‍ യോഗത്തിനു ശേഷം ഹാജര്‍ റജിസ്റ്ററില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്കു കടന്നത്. കൗണ്‍സില്‍ ഹാളില്‍ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ എസ്.ഷെര്‍ളിക്ക് കഴുത്തിലും അനിത അലക്‌സിന് കൈക്കും പരുക്കേറ്റു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!