ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിൽ അഞ്ച് പുതിയ മെഗാ വെയർഹൗസ് സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികളുമായി കോസ്റ്റ്‌കോ മുന്നോട്ട് പോകുന്നതായി റിപ്പോർട്ടുകൾ. ഓക്‌വിൽ, കാലിഡൺ, ഹാൾട്ടൺ ഹിൽസ്, ഈസ്റ്റ് വിൻഡ്സർ, വസാഗ ബീച്ച് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഈസ്റ്റ് വിൻഡ്സറിലും വസാഗ ബീച്ചിലും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വസാഗ ബീച്ചിൽ ഏകദേശം 1.62 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള വെയർഹൗസ് നിർമിക്കുന്നതായും വിവരമുണ്ട്.ഹാൾട്ടൺ ഹിൽസ് കൗൺസിൽ മിൽട്ടൺ അതിർത്തിക്കു സമീപമുള്ള പുതിയ കോംപ്ലക്സിന് അനുമതി നൽകിയതായും, ഓക്‌വില്ലിൽ ഭൂഗർഭ പാർക്കിങ് ഉൾപ്പെടുന്ന ബഹുനില സ്റ്റോർ രൂപകൽപനയ്ക്ക് അംഗീകാരം ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വികസന പദ്ധതികൾ അടുത്ത രണ്ട് വർഷത്തിനിടെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലും സമീപ പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, നിലവിലുള്ള തിരക്കേറിയ കോസ്റ്റ്‌കോ സ്റ്റോറുകളിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.അതേസമയം, കോസ്റ്റ്‌കോ കമ്പനി സ്റ്റോറുകൾ എന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
