Tuesday, June 30, 2026

ടിക്കറ്റ് ബുക്കിങ് ഇനി കൂടുതൽ സൗകര്യപ്രദം; പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്

റിയാദ്: അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സൗദി എയർലൈൻസ്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അധിക നിരക്ക് ഈടാക്കാതെ ഒരു തവണ യാത്രാ ബുക്കിങ്ങിൽ മാറ്റം വരുത്താനുള്ള സൗകര്യമാണ് എയർലൈൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രാ പദ്ധതികളിൽ അപ്രതീക്ഷിത മാറ്റങ്ങൾ നേരിടുന്നവർക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള തിരക്കേറിയ യാത്രാ സീസൺ മുന്നിൽ കണ്ടാണ് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതെന്ന് സൗദി എയർലൈൻസ് അറിയിച്ചു. സ്ഥിരം സർവീസുകൾക്ക് പുറമെ ആവശ്യാനുസരണം അധിക സർവീസുകളും ഈ കാലയളവിൽ നടത്തുമെന്ന് കമ്പനി വ്യക്തമാക്കി.

എല്ലാ റൂട്ടുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ്ങിന് ‘തമാര’ സർവീസ് വഴി ഇൻസ്റ്റാൾമെന്റ് അടിസ്ഥാനത്തിൽ തുക അടയ്ക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് കൂടുതൽ സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കുമെന്ന് എയർലൈൻസ് അറിയിച്ചു.

യാത്രക്കാർക്ക് കൂടുതൽ വ്യക്തതയും സൗകര്യവും ഉറപ്പാക്കുന്നതിനായി അധിക ലഗേജ് കൊണ്ടുപോകുന്നതിനുള്ള നിരക്കുകളിലും പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ചെലവുകൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിശദീകരണം.

തിരക്കേറിയ യാത്രാ സീസണുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ദീർഘകാല പ്രവർത്തനപരിചയത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലെ സുഗമമായ യാത്രയും കൃത്യസമയത്തുള്ള സർവീസുകളും ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സൗദി എയർലൈൻസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!