ഡൽഹി: ഇന്ധനവിലയിൽ ഇളവ് പ്രഖ്യാപിച്ച് നയാര എനർജി. കമ്പനിയുടെ പെട്രോൾ വില ലിറ്ററിന് അഞ്ച് രൂപയും ഡീസൽ വില ലിറ്ററിന് മൂന്ന് രൂപയും കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നേരത്തെ ഇന്ധനവില ഉയർത്തിയിരുന്ന നയാര എനർജിയാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. മേഖലയിലെ സാഹചര്യം ക്രമേണ സാധാരണ നിലയിലാകുകയും ഹോർമൂസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സുഗമമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ഇന്ധനക്കമ്പനി പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് ആദ്യമായാണെന്നതാണ് ശ്രദ്ധേയം.

അതേസമയം, രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയും കുറച്ചു. സിലിണ്ടറിന് 183.50 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 2,390 രൂപയായി. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.പുതിയ വിലക്കുറവ് ഉപഭോക്താക്കൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
