ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തിലേറി രണ്ട് മാസം തികയുന്ന സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി ആരോപണം. 15 ടിവികെ എംഎല്‍എമാരെ ഒരേസമയം രാജിവയ്പിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ എതിരാളികള്‍ ശ്രമിച്ചതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ അട്ടിമറി നീക്കം ശരിവച്ചിട്ടുണ്ട്.
കൃഷ്ണഗിരി ജില്ലയിലെ ഉത്തങ്കരൈ മണ്ഡലത്തില്‍ നിന്നുള്ള ടിവികെ എംഎല്‍എയായ ഡോ. എന്‍. ഇളയരാജ നല്കിയ പരാതിയെത്തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നിയമസഭാ സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാരിന് എതിരെ വോട്ട് ചെയ്താല്‍ 35 കോടി രൂപ നല്‍കാമെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പ്രതിനിധി വാഗ്ദാനം ചെയ്തതായി എംഎല്‍എ പരാതിയില്‍ പറയുന്നു. വാഗ്ദാനം നിരസിച്ചപ്പോള്‍ തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായതായും ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ഇളയരാജ വ്യക്തമാക്കി.

സംഭവത്തില്‍ പൊളിറ്റിക്കല്‍ സര്‍വേ സ്ഥാപനമായ ‘ഐപിഡിഎസ്’ (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ്) പ്രതിനിധിയായ തിരുനാവുക്കരശ്, കൂട്ടാളികളായ ത്യാഗരാജന്, നരേഷ് എന്നിവരെയാണ് ട്രിപ്ലിക്കേന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് ഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എയുമായ വി. സെന്തില്‍ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരന് അശോക് കുമാറുമായും അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടിവികെ എംഎല്‍എമാര്‍ക്ക് 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായി ടിവികെ മന്ത്രി ആര്. നിര്‍മ്മല്‍ കുമാര്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും സര്‍ക്കാരിനെ തകര്‍ക്കാന്‍ അത്രമേല്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഭരണപക്ഷമായ ടിവികെക്ക് എതിരെ ഡിഎംകെയും കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വിജയും എംഡിഎംകെ തലവന്‍ വൈകോയും ചേര്‍ന്ന് തങ്ങളുടെ രണ്ട് എംഎല്‍എമാരെ പ്രലോഭിപ്പിച്ച് രാജിവയ്പിക്കാന്‍ ശ്രമിച്ചതായി ഡിഎംകെ ആരോപിച്ചു. നിയമസഭയില്‍ ഡിഎംകെയുടെ അംഗബലം കുറയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്.എസ്. ഭാരതി പറഞ്ഞു. ഇതുസംബന്ധിച്ച് ഡിഎംകെ തമിഴ്നാട് ഗവര്‍ണര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഇരുപക്ഷവും പരസ്പരം കുതിരക്കച്ചവട ആരോപണങ്ങള്‍ ഉയര്‍ത്തിയതോടെ തമിഴ്നാട് രാഷ്ട്രീയം കടുത്ത അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്.
