Wednesday, July 1, 2026

വാടകക്കാര്‍ക്ക് എസി സ്ഥാപിക്കാം, ഇന്‍ഷുറന്‍സ് വ്യവസ്ഥകളിലും മാറ്റം; ഒന്റാരിയോയില്‍ നിയമപരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍

ടൊറന്റോ: കാനഡ ദിനമായ ജൂലൈ ഒന്നു മുതല്‍ ഒന്റാരിയോ പ്രവിശ്യയില്‍ സാധാരണക്കാരെ ബാധിക്കുന്ന നിര്‍ണായകമായ നിരവധി നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തില്‍ വന്നു. ശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടയിലാണ് ഒന്റാരിയോയിലെ വാടകക്കാര്‍ക്ക് ആശ്വാസമേകുന്ന എസി നിയമം അടക്കമുള്ളവ നടപ്പിലാകുന്നത്. ഇതോടെ, ഭൂവുടമകള്‍ എസി സൗകര്യം നല്‍കാത്ത വീടുകളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി വിന്‍ഡോ എസിയോ പോര്‍ട്ടബിള്‍ എസിയോ സ്ഥാപിക്കാനും ഉപയോഗിക്കാനും വാടകക്കാര്‍ക്ക് നിയമപരമായ അവകാശം ലഭിക്കും.

2023-ല്‍ പാസാക്കിയ നിയമത്തിലെ നിര്‍ണായക വകുപ്പാണ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. അതേസമയം തന്നെ, വാടകക്കാരെ ഒഴിപ്പിക്കുന്നത് എളുപ്പമാക്കുന്ന പുതിയ ലാന്‍ഡ്ലോര്‍ഡ്-ടെനന്റ് ചട്ടങ്ങളും ഇതോടൊപ്പം നിലവില്‍ വന്നിട്ടുണ്ട്.

ആരോഗ്യമേഖലയിലും ഈ കാനഡ ദിനം മുതല്‍ വലിയ മാറ്റങ്ങളാണ് ഒന്റാരിയോ നടപ്പിലാക്കുന്നത്. വന്‍കുടലിലെ ക്യാന്‍സര്‍ (Colorectal Cancer) പരിശോധന സൗജന്യമായി നടത്തുന്നതിനുള്ള പ്രായപരിധി 50 വയസ്സില്‍ നിന്നും 45 ആയി കുറച്ചു. ഇതോടൊപ്പം ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ ചെറിയ അസുഖങ്ങള്‍ പരിശോധിച്ച് ചികില്‍സിക്കാനും, സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാനുമുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

വാഹന ഉടമകള്‍ക്ക് ചില ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വച്ചുകൊണ്ട് പ്രീമിയം തുക ലാഭിക്കാനുള്ള അവസരവും ജൂലൈ ഒന്ന് മുതല്‍ ലഭ്യമാകും. എന്നാല്‍, ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, ലൈസന്‍സ് കൈമാറ്റ കരാറില്ലാത്ത മറ്റ് രാജ്യങ്ങളില്‍ നിന്നോ പ്രവിശ്യകളില്‍ നിന്നോ ഒന്റാരിയോയിലേക്ക് എത്തുന്ന ഡ്രൈവര്‍മാര്‍ ഇനി മുതല്‍ ജി2 (G2) റോഡ് ടെസ്റ്റ് പാസായ ശേഷം പൂര്‍ണ്ണമായ ‘ജി’ (G) ലൈസന്‍സിനായി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന നിബന്ധനയും നിലവില്‍ വന്നു.

പൊതു സുരക്ഷയും നിയമപാലനവുമായി ബന്ധപ്പെട്ട മറ്റ് മാറ്റങ്ങളും ഇതോടൊപ്പം പ്രാബല്യത്തിലായിട്ടുണ്ട്. ജാമ്യത്തുക കുടിശ്ശിക വരുത്തുന്നവരില്‍ നിന്ന് തുക ഈടാക്കാന്‍ ധനകാര്യ മന്ത്രാലയത്തിന് സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള (Garnishments) അധികാരം ലഭിക്കും. പൊതുഗതാഗത സംവിധാനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ട്രാന്‍സിറ്റ് സ്‌പെഷ്യല്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അധികാരം നല്‍കുന്നതിനൊപ്പം, ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളികള്‍ നിയമപരമായി പേര് മാറ്റുന്നത് തടയുന്നതിനുള്ള പുതിയ ഉത്തരവും കാനഡ ദിനം മുതല്‍ ഒന്റാരിയോയില്‍ നടപ്പിലായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!