മിസിസ്സാഗ: കാനഡയിലെ കായികപ്രേമികള്‍ക്കും മലയാളി സമൂഹത്തിനും ആവേശം പകര്‍ന്ന ടൊറോന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ടഗ് ഓഫ് വാര് (വടംവലി) ചാമ്പ്യന്‍ഷിപ്പില്‍ ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യന്മാര്. രണ്ടാം സ്ഥാനം കോട്ടയം ബ്രദേഴ്സും മൂന്നാം സ്ഥാനം ന്യൂ യോര്‍ക്ക് കിങ്സും കരസ്ഥമാക്കി .
ജൂണ്‍ 27നു മിസിസ്സാഗയില്‍ വെച്ചാണ് മത്സരം നടന്നത്. പരിപാടിയില്‍ മിസിസ്സാഗ മേയര്‍ കരോളിന് പാരിഷ്, ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് അംഗം സില്‍വിയ ഗ്വാല്ട്ടിയേരി, ബോബന് ജെയിംസ് (James Auto Group),രാഷ്ട്രീയ-സാമൂഹിക നേതാക്കളായ ടോമി കൊക്കാട്ട്, ബെലെന്റ് മാത്യു, ജോമോന് കുടിയിരുപ്പില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംഘാടകരെയും മത്സരാര്‍ത്ഥികളെയും അഭിനന്ദിച്ചു.

ടൂര്‍ണമെന്റിന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച ടൊറോന്റോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് ദീപു മലയില്‍, പരിപാടിയുടെ വിജയത്തിന് നിര്‍ണായക പിന്തുണ നല്കിയ സുപ്രീം സ്പോണ്‍സറായ ജെയിംസ് ഓട്ടോ ഗ്രൂപ്പിന്റെ ഉടമ ശ്രീ. ബോബന് ജെയിംസിന് പ്രത്യേക നന്ദി രേഖപ്പെടുത്തി. ഈ ടൂര്‍ണമെന്റിന്റെ വന്‍ വിജയത്തിന് പിന്നില്‍ ശ്രീ. ബോബന് ജെയിംസിന്റെ ഉദാരമായ പിന്തുണയും പ്രോത്സാഹനവും നിര്‍ണായകമായിരുന്നുവെന്നും അതോടൊപ്പം എല്ലാ സ്പോണ്‍സര്‍മാര്‍ക്കും, ഇവന്റ് പാര്‍ട്ണര്‍മാര്‍ക്കും, പങ്കെടുത്ത ടീമുകള്‍ക്കും, ഈ പരിപാടിയെ അവിസ്മരണീയമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ഹൃദയംഗമമായ നന്ദിയും അദ്ദേഹം അറിയിച്ചു.
പ്രസിഡന്റ് ദീപു മലയിലിന്റെ നേതൃത്വത്തില്‍, ടഗ് ഓഫ് വാര് കമ്മിറ്റി ചെയര്മാന് മോന്‍സി തോമസ്, വൈസ് പ്രസിഡന്റ് സോജിന് ജോസഫ്, സെക്രട്ടറി ജിക്കു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് പടിയാനിക്കല്‍ , ട്രഷറര്‍ ബാബ്ലു തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബിന്‍ ബേബി, സന്ദീപ് എന്നിവരുടെ ഏകോപനത്തില്‍ വിവിധ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചതാണ് പരിപാടിയുടെ വിജയത്തിന് പ്രധാന കാരണമായത്. സന്തോഷ് മേക്കരയുടെ നേതൃത്വത്തില്‍ മത്സരങ്ങള്‍ നിയന്ത്രിക്കുകയും ക്ലബ് അംഗങ്ങളുടെ കൂട്ടായ പരിശ്രമവും ടൂര്‍ണമെന്റിനെ മികച്ച രീതിയില്‍ സംഘടിപ്പിക്കുവാന്‍ സഹായിച്ചു.
കായികമികവും കൂട്ടായ്മയും സാമൂഹിക സൗഹൃദവും ഒരുപോലെ ഉയര്‍ത്തിപ്പിടിച്ച ഈ ടൂര്‍ണമെന്റ് ടൊറോന്റോയിലെ മലയാളി സമൂഹത്തിന്റെ അഭിമാന നേട്ടമായി മാറുകയും, ഭാവിയിലും കൂടുതല്‍ വിപുലമായ രീതിയില്‍ ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
