Thursday, July 2, 2026

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പി കെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പി കെ കാസിം വിവാദ സന്ദേശം പോസ്റ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പ്രത്യേക അന്വേഷണ സംഘം വടകര മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.

കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയുടെ ഫലവും എസ്ഐടി കോടതിയിൽ സമർപ്പിച്ചു. ഫോറൻസിക് പരിശോധനയിൽ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് വിവാദ സന്ദേശം പ്രചരിപ്പിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെയും സിപിഎം സ്ഥാനാർഥിയായ കെ കെ ശൈലജയെയും പരാമർശിച്ചുള്ള സന്ദേശം പി കെ കാസിമിന്റെ പേരിൽ പ്രചരിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

സംഭവത്തെ തുടർന്ന് അന്വേഷണ സംഘം പി കെ കാസിമിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൂന്ന് മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതായി കാണിച്ച് കാസിം നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണനെയും ജിതിൻ ഭാസ്കരനെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിച്ചു. നിലവിൽ കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കരൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. അതേസമയം, മുൻപ് ചോദ്യം ചെയ്ത് വിട്ടയച്ച റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യം തേടി ജില്ല സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.കേസിലെ യഥാർഥ പ്രതികളെയും സന്ദേശം പ്രചരിച്ച സാഹചര്യങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് എസ്ഐടി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!