ഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ, അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര ഐടി-ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശപ്രകാരം ബന്ധപ്പെട്ട മന്ത്രാലയം വിഷയത്തിൽ വിശദീകരണം തേടും.
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതും, അത് തടയുന്നതിനായി കമ്പനി സ്വീകരിച്ച സുരക്ഷാ നടപടികൾ എന്തൊക്കെയാണെന്നതും കേന്ദ്ര സർക്കാർ വിശദമായി പരിശോധിക്കും.

കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നത് ഗുരുതര വിഷയമാണെന്നും, ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്ഫോം ഉത്തരവാദിത്വം ശക്തമായി പരിശോധിക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.ഇതുസംബന്ധിച്ച് മെറ്റ ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും, ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ വ്യക്തമാക്കാനും കേന്ദ്ര മന്ത്രാലയം ആവശ്യപ്പെടുമെന്നാണ് വിവരം.
