Saturday, July 4, 2026

വിഴിഞ്ഞത്ത് എംഎസ്സി കമ്പനിയ്ക്ക് കുത്തകാവകാശം ഉണ്ടാകില്ല; അദാനി പോര്‍ട്‌സ് സിഇഒ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തത വരുത്തി അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. സ്വിസ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് (MSC) ഓഹരി കൈമാറ്റം നടത്തിയാലും തുറമുഖത്ത് അവര്‍ക്ക് യാതൊരുവിധ കുത്തകാവകാശവും ഉണ്ടാകില്ലെന്ന് അദാനി പോര്‍ട്‌സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തമാക്കി. ഓഹരി കൈമാറ്റത്തിനായി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അപേക്ഷ പുതുക്കി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ഈ ഔദ്യോഗിക വിശദീകരണം.

കേരള സര്‍ക്കാരുമായി നിലനില്‍ക്കുന്ന മികച്ച സൗഹൃദ അന്തരീക്ഷം തുടര്‍ന്നുപോകാനാണ് അദാനി ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണമായ അനുമതിയോടും വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടും മാത്രമേ ഈ ഇടപാടിലെ അന്തിമ കരാറില്‍ ഒപ്പുവെക്കുകയുള്ളൂ എന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കുന്നു. നിലവില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നത് പ്രാഥമിക ധാരണ മാത്രമാണെന്നും സര്‍ക്കാരിന്റെ എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി പാലിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

എംഎസ്സി കമ്പനിയുമായി ഓഹരി പങ്കാളിത്തം ഉണ്ടാകുന്നതോടെ വിഴിഞ്ഞം തുറമുഖം ഒരു പ്രത്യേക കമ്പനിയുടെ മാത്രം കുത്തകയായി മാറുമെന്ന രീതിയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും അദാനി ഗ്രൂപ്പ് പൂര്‍ണ്ണമായി തള്ളി. ലോകത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ചരക്കുകപ്പലുകള്‍ക്കും ഒരുപോലെ വന്നെത്താനും സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിക്കുന്ന ഒരു അന്താരാഷ്ട്ര തുറമുഖമായിട്ടാണ് വിഴിഞ്ഞത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിലും ഈ പൊതുസ്വഭാവം അങ്ങിനെ തന്നെ തുടരുമെന്ന് സിഇഒ അറിയിച്ചു.

തുറമുഖത്തെത്തുന്ന ഏതെങ്കിലും ഒരു നിര്‍ദ്ദിഷ്ട കമ്പനിക്കോ അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ മാത്രമായി വിഴിഞ്ഞത്ത് പ്രത്യേക ബര്‍ത്ത് അവകാശങ്ങളോ മുന്‍ഗണനകളോ ഉണ്ടായിരിക്കില്ല. സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ടിട്ടുള്ള കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്, വിഴിഞ്ഞം ഒരു പൊതു ടെര്‍മിനല്‍ (Public Terminal) ആയിത്തന്നെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും വിഴിഞ്ഞത്ത് എത്തുന്ന എല്ലാ കപ്പല്‍ കമ്പനികള്‍ക്കും തുല്യമായ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പിലൂടെ ഉറപ്പുനല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!