Saturday, July 4, 2026

‘അമ്മ’യില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, ബിജെപി അജണ്ട നടപ്പാക്കാന്‍ നീക്കം; ശ്വേത മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി നടിമാര്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍നിര നടിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ രംഗത്തെത്തി. ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയ അജണ്ടകളും വര്‍ഗീയ ധ്രുവീകരണവും നടപ്പിലാക്കാനാണ് ശ്വേത ശ്രമിക്കുന്നതെന്ന് നടിമാരായ മാലാ പാര്‍വതി, അന്‍സിബ ഹസന്‍, ഉഷ ഹസീന, മായാ വിശ്വനാഥ് എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പരാതി ഉന്നയിച്ച അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും, സംഘടനയില്‍ രാഷ്ട്രീയ അജണ്ടകള്‍ കൊണ്ടുവന്നാല്‍ ശക്തമായി എതിര്‍ക്കുമെന്നും മാലാ പാര്‍വതി വ്യക്തമാക്കി. ശ്വേതയുടെ ഈ തിരിച്ചുവരവിന് പിന്നില്‍ ബിജെപി അജണ്ടയാണെന്ന് സംശയിക്കുന്നതായും ലക്ഷ്മിപ്രിയയുമായുള്ള കൂട്ടുകെട്ട് ഇതിന് തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അന്‍സിബയ്ക്ക് പിന്നില്‍ മതതീവ്രവാദികളുണ്ടെന്ന ലക്ഷ്മിപ്രിയയുടെ ആരോപണത്തെ മാലാ പാര്‍വതി ചോദ്യം ചെയ്തു. അന്‍സിബ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന തരത്തിലുള്ള കള്ളക്കഥകള്‍ സിനിമയാക്കിയാല്‍ ഉത്തറേന്ത്യയില്‍ നന്നായി ഓടുമെന്നും, അത്തരം നീക്കങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് ശ്വേത രണ്ട് കോടി രൂപ വാങ്ങിയതായി ബാബുരാജ് ആരോപിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ നല്‍കാമെന്ന് പറഞ്ഞാണ് ഈ പണം കൈപ്പറ്റിയതെന്നും മാലാ പാര്‍വതി വെളിപ്പെടുത്തി. അദാനിയുടെ 15 കോടി രൂപ ശ്വേത ഇടപെട്ട് ‘അമ്മ’യ്ക്ക് വാങ്ങിത്തരുമെന്ന് ബിജെപി നേതാവ് പത്മജ എസ്. മേനോന്‍ പറഞ്ഞിരുന്നുവെന്നും, എന്നാല്‍ കോര്‍പ്പറേറ്റുകളുടെ പണം ‘അമ്മ’യ്ക്ക് ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പൊലീസ് സ്വീകരിക്കുന്നതെന്ന് നടി അന്‍സിബ ഹസന്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ ഉണ്ടായ ‘ജിഹാദി’ വിളി വെറുമൊരു തമാശയായി കാണാന്‍ പൊലീസിന് എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ച അന്‍സിബ, ഇത് മാനസികമായി ഏറെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കി. പരാതിയുമായി ചെല്ലുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയാണ് പൊലീസിന്റേത്. ആഭ്യന്തര മന്ത്രി പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത അവസ്ഥയിലാണ് ഇവിടുത്തെ പൊലീസ് സംവിധാനം. നീതിക്കായി കോടതിയെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. കോടതിയുടെ അനുകൂല വിധിയില്ലാതെ ശ്വേതാ മേനോന്‍ ‘അമ്മ’ ഓഫീസിലേക്ക് വന്നാല്‍ തടയുമെന്നും അന്‍സിബ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഭരണസമിതിയില്‍ നിന്നും കടുത്ത വ്യക്തിഹത്യ നേരിടേണ്ടി വന്നവരാണ് തങ്ങളെന്ന് നടി ഉഷ ഹസീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണസമിതിയിലുള്ളവര്‍ക്ക് അധികാരമോഹം മാത്രമാണുള്ളത്. സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും തങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. അന്‍സിബയെ കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് അനൂപ് ചന്ദ്രന്‍ മോശമായ വീഡിയോ പുറത്തുവിട്ടപ്പോള്‍, അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ശ്വേത സ്വീകരിച്ചതെന്നും, ‘അങ്ങനെ തന്നെ വേണം, എനിക്ക് സന്തോഷമായി’ എന്നാണ് ശ്വേത പ്രതികരിച്ചതെന്നും ഉഷ ഹസീന വെളിപ്പെടുത്തി. സംഘടനയ്ക്കുള്ളിലെ പരാതികളെ നേതൃത്വം പരിഹസിക്കുകയാണെന്നും നടിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!