Saturday, July 4, 2026

‘ഖമനേയിയുടെ സംസ്‌കാര ചടങ്ങിനായി ഇറാന് ഒരാഴ്ചത്തെ അവധി നല്‍കി’; പരിഹാസവുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനില്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചതിനിടെ കടുത്ത പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക നല്ലവരായതുകൊണ്ടാണ് ഇറാന്‍ നേതാവിന്റെ സംസ്‌കാര ചടങ്ങിനായി ഒരാഴ്ചത്തെ അവധി നല്‍കിയതെന്നായിരുന്നു ട്രംപിന്റെ പരിഹാസം. യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്‌മോറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇറാനെതിരെ പ്രകോപനപരമായ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

അമേരിക്കന്‍ സൈനിക നീക്കങ്ങളിലൂടെ ഇറാനെ പൂര്‍ണ്ണമായി അടിച്ചു നിലംപരിശാക്കിയെന്നും ട്രംപ് പൊതുവേദിയില്‍ അവകാശപ്പെട്ടു. നമ്മള്‍ ഇറാനെ അടിച്ചു നിലംപരിശാക്കി, അവര്‍ക്ക് ഇപ്പോള്‍ എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ വലിയ വെപ്രാളമാണ്, നമ്മള്‍ നല്ലവരായതുകൊണ്ട് അവരുടെ ഒരു സംസ്‌കാര ചടങ്ങിനായി നമ്മള്‍ അവര്‍ക്ക് ഒരാഴ്ചത്തെ അവധി നല്‍കിയിരിക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ സൈനിക ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.

അതേസമയം, അന്തരിച്ച മുന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇറാനിലും ഇറാഖിലുമായി വിപുലമായ രീതിയിലാണ് നടക്കുന്നത്. ജൂലൈ നാലിന് ആരംഭിച്ച ഔദ്യോഗിക ചടങ്ങുകള്‍ ജൂലൈ ഒന്‍പതുവരെ നീണ്ടുനില്‍ക്കും. നിലവില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല പ്രാര്‍ത്ഥനാ സമുച്ചയത്തിലാണ് അലി ഖമനേയിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചിട്ടുള്ളത്. ജൂലൈ ആറിന് ടെഹ്രാന്‍ നഗരത്തില്‍ വിലാപയാത്ര നടക്കും. ഇതില്‍ രണ്ട് കോടിയോളം ജനങ്ങള്‍ പങ്കെടുക്കുമെന്നും നഗര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനമുന്നേറ്റമായിരിക്കും ഇതെന്നും ടെഹ്രാന്‍ മേയര്‍ അലിറേസ സകാനി വ്യക്തമാക്കിയിട്ടുണ്ട്.

ടെഹ്‌റാനിലെ ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ ഏഴിന് ഇറാന്റെ ആത്മീയ കേന്ദ്രമായ ക്വാമിലേക്ക് ഭൗതികദേഹം എത്തിക്കും. അവിടെയുള്ള മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പിറ്റേദിവസം അയല്‍രാജ്യമായ ഇറാഖിലെ നജാഫ്, കര്‍ബാല എന്നീ പുണ്യനഗരങ്ങളിലേക്ക് വിലാപയാത്ര പ്രവേശിക്കും. തുടര്‍ന്ന് അവസാന ഘട്ടമായി ജൂലൈ ഒന്‍പതിന് വടക്കുകിഴക്കന്‍ ഇറാനിലെ പുണ്യനഗരവും അലി ഖമനേയിയുടെ ജന്മനാടുമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തില്‍ വെച്ചായിരിക്കും ഔദ്യോഗിക ഖബറടക്കം നടക്കുക. ഇസ്രായേല്‍-യുഎസ് ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം വഷളായി നില്‍ക്കുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!