Sunday, July 5, 2026

കാനഡ ദിനത്തിലെ പ്രളയം: അടിയന്തര പ്രവിശ്യാ ധനസഹായം തേടി കൗണ്‍സിലര്‍മാരും എം.പി.പിമാരും

ഓട്ടവ: ഓട്ടവയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അടിയന്തര പ്രവിശ്യാ ധനസഹായം തേടി
കൗണ്‍സിലര്‍മാരും എം.പി.പിമാരും. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ നോക്‌സ്ഡെയ്ല്‍-മെരിവെയ്ല്‍ വാര്‍ഡിലെ കൗണ്‍സിലറായ സീന്‍ ഡിവൈന്‍ ഉള്‍പ്പെടെ നാല് സിറ്റി കൗണ്‍സിലര്‍മാരും അഞ്ച് പ്രാദേശിക എം.പി.പിമാരുമാണ് ഒന്റാരിയോ സര്‍ക്കാരിന് കത്തയച്ചത്. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തവര്‍ക്കും ഭാഗികമായി മാത്രം ലഭിച്ചവര്‍ക്കും പ്രകൃതിദുരന്തങ്ങളില്‍ നിന്നുള്ള നഷ്ടം നികത്താന്‍ സഹായിക്കുന്ന ഒന്റാരിയോ സര്‍ക്കാരിന്റെ ‘ഡിസാസ്റ്റര്‍ റിക്കവറി അസിസ്റ്റന്‍സ് ഫോര്‍ ഒന്റാരിയന്‍സ്’ (ഉഞഅഛ) പദ്ധതി ഉടനടി നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് പരമാവധി 250,000 ഡോളര്‍ വരെ ധനസഹായം ലഭിക്കും.

കാനഡ ദിനത്തില്‍ നഗരത്തിലുടനീളം പെയ്ത പ്രളയസമാനമായ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ ജനജീവിതം സ്തംഭിക്കുകയും ഹൈവേകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. നഗരസഭയുടെ കണക്കുകള്‍ പ്രകാരം മൂവായിരത്തി ഇരുന്നൂറിലധികം വീടുകളുടെ ബേസ്മെന്റുകളിലാണ് പ്രളയജലം ഇരച്ചുകയറിയത്. മുന്‍പ് വെള്ളപ്പൊക്കമുണ്ടായ ചരിത്രമുള്ളതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അധിക ഫ്‌ലഡ് കവറേജ് നല്‍കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ പ്രതിമാസം 800 ഡോളറോളം വരുന്ന വന്‍ തുക പ്രീമിയമായി ആവശ്യപ്പെടുകയോ ചെയ്തതിനാല്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ പലരുടെയും ക്ലെയിമുകള്‍ നിരസിച്ചതോടെ ജനങ്ങള്‍ വലിയ കടക്കെണിയിലാണ്.

ദുരന്തമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രവിശ്യാ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ലിബറല്‍ പാര്‍ട്ടി എം.പി.പി ടൈലര്‍ വാട്ട് കുറ്റപ്പെടുത്തി. അതേസമയം, ദുരിതബാധിതരെ സഹായിക്കാനായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ (IBC) പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നഗരസഭ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് പ്രവിശ്യാ സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കൗണ്‍സിലര്‍ സീന്‍ ഡിവൈന്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!