കാല്‍ഗറി: ആല്‍ബര്‍ട്ടയുടെ പുതിയ പൈപ്പ്ലൈന് പദ്ധതി നിര്‍ദ്ദേശത്തിനെതിരെ ആല്‍ബര്‍ട്ടയിലെ സ്വയംഭരണ-സ്വാതന്ത്ര്യ വാദികളായ നേതാക്കള്‍ രംഗത്ത്. പ്രവിശ്യയിലെ പ്രകൃതിവിഭവങ്ങള്‍ക്ക് മേല്‍ ആല്‍ബര്‍ട്ടയ്ക്ക് ഇപ്പോഴും പൂര്‍ണ്ണമായ സ്വയംഭരണാവകാശം ലഭിച്ചിട്ടില്ലെന്ന് ‘ആല്‍ബര്‍ട്ട പ്രോസ്പെരിറ്റി പ്രൊജക്റ്റ്’, ‘സ്റ്റേ ഫ്രീ ആല്‍ബര്‍ട്ട’ എന്നീ സംഘടനകളുടെ പ്രതിനിധിയായ ജെഫ്രി റാത്തോ കുറ്റപ്പെടുത്തി. നികുതിദായകര്‍ നല്കുന്ന 30 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ ചിലവ് വരുന്ന ഇത്രയും വലിയൊരു പൈപ്പ്ലൈന് പദ്ധതി പ്രഖ്യാപിക്കാന്‍ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന് എന്ത് അധികാരമാണുള്ളതെന്ന് റാത്തോ ചോദിച്ചു.
ആല്‍ബര്‍ട്ട സര്‍ക്കാര്‍ ഇത്രയും വലിയ തുക ചിലവഴിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ഒരു പൊതുജനഹിതപരിശോധന പോലും നടത്തിയിട്ടില്ല. മുന്‍പ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് പ്രീമിയര്‍ പറഞ്ഞിരുന്ന പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും ഇപ്പോള്‍ നികുതിദായകരുടെ തലയിലായെന്നും, ദീര്‍ഘകാല ചര്‍ച്ചകള്‍ക്കൊടുവില്‍ ഉണ്ടായ ഈ പ്രഖ്യാപനം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയിലെ ഇപ്പോഴത്തെ വ്യവസ്ഥിതി തകര്‍ന്നതാണെന്നും അത് പരിഹരിക്കാനാകാത്തതാണെന്നും തെളിയിക്കുന്നതാണ് ഈ പ്രഖ്യാപനമെന്നും റാത്തോ ആരോപിച്ചു.

അതേസമയം, കാനഡയുടെ ഫെഡറല്‍ ഭരണത്തിന് കീഴില്‍ ആല്‍ബര്‍ട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്ന വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ നീക്കത്തിന് കഴിഞ്ഞേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ആല്‍ബര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകള്‍ക്കും രാജ്യത്തിന് മുഴുവനായും ഈ കരാര്‍ എങ്ങനെ പ്രയോജനപ്പെടുമെന്നതിനെക്കുറിച്ച് കൃത്യമായ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് മൗണ്ട് റോയല്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ലോറി വില്യംസ് പറഞ്ഞു. ഫെഡറല്‍ സര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും ആല്‍ബര്‍ട്ടയിലെ ജനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കാണിക്കാനാണ് ഈ കരാറിലൂടെ ശ്രമിക്കുന്നതെന്ന് കനേഡിയന്‍ ഐഡന്റിറ്റി ആന്‍ഡ് കള്‍ച്ചര്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.
വരുന്ന ഒക്ടോബറില്‍ കാനഡയുടെ ഭാഗമായി തുടരണമോ അതോ വേര്‍പിരിയുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമോ എന്ന കാര്യത്തില്‍ ആല്‍ബര്‍ട്ടയിലെ ജനങ്ങള്‍ പൊതുജനഹിതപരിശോധനയിലൂടെ വോട്ട് രേഖപ്പെടുത്താനിരിക്കെയാണ് ഈ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍.
