മാനിറ്റോബ: അസിനിബോയിന്‍ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് ബ്രാണ്ടന്‍ (Brandon) നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജൂലൈ പന്ത്രണ്ടോടെ അസിനിബോയിന്‍ നദിയിലെജലനിരപ്പ അതിന്റെ പരമാവധിയില്‍ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെയാണ് ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം മേയര്‍ ജെഫ് ഫോസെറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഏറ്റവും മോശം സാഹചര്യങ്ങളെപ്പോലും നേരിടാന്‍ നഗരം സജ്ജമാകേണ്ടതുണ്ടെന്ന് മേയര്‍ ജെഫ് ഫോസെറ്റ് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ മാനിറ്റോബയില്‍ പെയ്ത കനത്ത മഴയാണ് മേഖലയില്‍ ഇത്രയും വലിയ പ്രളയത്തിന് കാരണമായത്. ജൂലൈ 4-ലെ കണക്കുകള്‍ പ്രകാരം നദിയിലെ ജലനിരപ്പ് നിലവിലെ ശേഷിയേക്കാള്‍ 2.5 മീറ്ററോളം ഉയരുമെന്നാണ് പ്രവചനം. വിനിപെഗില്‍ നിന്ന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ബ്രാണ്ടന്‍ നഗരത്തില്‍ ഇതിനോടകം തന്നെ ഗ്രാന്‍ഡ് വാലി റോഡില്‍ താല്‍ക്കാലിക തടയണകള്‍ (Dikes) നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിലെ റിവര്‍ബാങ്ക് ഡിസ്‌കവറി സെന്ററിലേക്കുള്ള കോണ്‍സര്‍വേഷന്‍ ഡ്രൈവിലും താല്‍ക്കാലിക പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കും.

നദിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് നിലവിലുള്ള തടയണകളുടെ ഉയരം 60 സെന്റീമീറ്റര്‍ (രണ്ട് അടി) കൂടി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. അപ്രതീക്ഷിതമായുണ്ടായേക്കാവുന്ന ശക്തമായ കാറ്റ്, വലിയ തിരമാലകള്‍, പെട്ടെന്നുള്ള ജലപ്രവാഹം എന്നിവയെ പ്രതിരോധിക്കാനാണ് ഈ മുന്‍കരുതല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ മേഖലയുടെ സഹായം തേടുമെന്നും മേയര്‍ അറിയിച്ചു. മാനിറ്റോബ ഗതാഗത-അടിസ്ഥാനസൗകര്യ മന്ത്രാലയം ബ്രാണ്ടന്‍ അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ ട്യൂബ് ഡാമുകളും മണല്‍ച്ചാക്കുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കുന്നുണ്ട്.
ജനങ്ങളില്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാല്‍ നദീതീരങ്ങളില്‍ നിന്നും തടയണകളില്‍ നിന്നും അകലം പാലിക്കണമെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡുകളിലെ സുരക്ഷാ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും അനുസരിക്കണമെന്നും വെള്ളപ്പൊക്കമുള്ള കനത്ത ജലാശയങ്ങളിലൂടെ വാഹനങ്ങള്‍ ഓടിക്കുകയോ നടക്കുകയോ ചെയ്യരുതെന്നും നഗരസഭ അഭ്യര്‍ത്ഥിച്ചു. ബ്രാണ്ടനിലെ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും വടക്കന്‍ മേഖലയായ പാര്‍ക്ക്ലന്‍ഡിലും സ്വാന്‍ റിവറിലും വന്‍തോതില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അയല്‍പ്രദേശങ്ങളിലെ ദുരന്തബാധ കണക്കിലെടുത്ത് ബ്രാണ്ടനില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് അടിയന്തരമായി ഈ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
