ഇംഫാൽ: മണിപ്പൂരിലെ ഉക്രൂൽ ജില്ലയിൽ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അസം റൈഫിൾസ് സൈനികർക്ക് വീരമൃത്യു. നുങ്‌ഷാങ് കോങ് മേഖലയിൽ ഉച്ചയോടെയായിരുന്നു ആക്രമണം.
പ്രാഥമിക വിവരങ്ങൾ പ്രകാരം, 40 അസം റൈഫിൾസിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആദ്യം ഐഇഡി സ്ഫോടനം ഉണ്ടാകുകയും തുടർന്ന് ഒളിച്ചിരുന്ന ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നിൽ എൻഎസ്‌സിഎൻ-ഐഎം ഭീകരരാണെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ.

ആക്രമണത്തിൽ വാറന്റ് ഓഫീസർ ബൽവന്ത് സിംഗും റൈഫിൾമാൻ സി.എം. സിംഗും വീരമൃത്യു വരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയ സൈന്യം ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു. കൂടുതൽ സേനയെ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് ആക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയും ആക്രമണത്തെ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ഇത്തരം നടപടികൾ തകർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2023 മുതൽ മെയ്‌തെയ്, കുക്കി-സോ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ വിവിധ മേഖലകളിൽ സുരക്ഷാസേനയുടെ വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഉക്രൂൽ ജില്ലയിൽ പുതിയ അസം റൈഫിൾസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് പുതിയ ഭീകരാക്രമണം.
