വിനിപെഗ്: കാനഡയിലെ മാനിറ്റോബയിലെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ചുഴലിക്കാറ്റ് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ. ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് പ്രദേശത്ത് ഫണൽ ക്ലൗഡുകൾ കണ്ടതായി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ റിപ്പോർട്ട് ചെയ്തു.
നിലവിൽ ടോർണാഡോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. ബ്രാൻഡൻ, വിർഡൻ, വിനിപെഗ്, ജിംലി, പോർട്ടേജ് ലാ പ്രയറി തുടങ്ങിയ മേഖലകളിൽ യെല്ലോ തണ്ടർസ്റ്റോം വാച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.സൗരിസ് മേഖലയിൽ ഇതിനകം 59.3 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ്, വലിയ ആലിപ്പഴവീഴ്ച, അതിശക്തമായ മഴ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ഇത്തരം കാലാവസ്ഥ വൈദ്യുതി തടസ്സങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾക്കും കാരണമാകാമെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നേരത്തെ തന്നെ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ബ്രാൻഡൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അസിനിബോയിൻ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
