കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള പാസ്പോര്‍ട്ട്, വീസ, കോണ്‍സുലാര്‍ സേവനങ്ങളിലെ പ്രതിസന്ധി തുടരുന്നു. ഭരണപരമായ കാരണങ്ങളാല്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണം ജൂലൈ ഒമ്പത് വരെ നീട്ടിയതായി എംബസി അധികൃതര്‍ അറിയിച്ചു. ഇതോടെ തല്ക്കാലം അടിയന്തര സ്വഭാവമുള്ള കേസുകളില്‍ മാത്രമായിരിക്കും എംബസിയില്‍ നിന്നും സേവനം ലഭ്യമാകുക. യാത്രാ രേഖകള്‍ കൃത്യസമയത്ത് പുതുക്കാന്‍ കഴിയാത്തത് മൂലം വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
തല്‍ക്കാല്‍ പാസ്പോര്‍ട്ട്, എന്‍.ആര്.ഐ സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഐ.ഡി കാലഹരണപ്പെടുന്ന അടിയന്തര സാഹചര്യങ്ങളിലെ ഷോര്‍ട്ട് ടേം പാസ്പോര്ട്ടുകള്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, ഇ-വീസകള്‍ എന്നിവ മാത്രമാണ് നിലവില്‍ അടിയന്തര സേവനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, സാധാരണ രീതിയിലുള്ള പാസ്പോര്‍ട്ട് പുതുക്കല്‍ അപേക്ഷകളും വിവിധ അറ്റസ്റ്റേഷന് അപേക്ഷകളും ജൂലൈ ഒമ്പത് വരെ സ്വീകരിക്കുകയോ പ്രോസസ് ചെയ്യുകയോ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ള അപേക്ഷകര്‍ രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് പന്ത്രണ്ടിനും ഇടയില്‍ നേരിട്ട് എംബസി ഓഫീസില്‍ എത്തിച്ചേരണമെന്ന് നിര്‍ദ്ദേശമുണ്ട്. കുവൈറ്റില്‍ പാസ്പോര്‍ട്ട് സേവന ദാതാക്കളെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് ഈ തടസ്സങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ ഒന്ന് മുതല്‍ മുന്‍ സേവന ദാതാക്കളായ ബി.എല്‍.എസിന് (BLS) പകരം ഡു ഡിജിറ്റല്‍ (Du Digital) എന്ന കമ്പനിക്കാണ് ഔദ്യോഗികമായി ചുമതല കൈമാറിയത്. ഈ മാറ്റത്തിന് പിന്നാലെ ഒരാഴ്ചയിലധികമായി സേവനങ്ങള്‍ തടസ്സപ്പെട്ടത് പ്രവാസികളെ വലിയ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇത്തരം നയതന്ത്ര-ഭരണപരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
എസ്. ജയശങ്കര്‍ കുവൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്.
