ഓട്ടവ: പുതിയ അന്തര്‍വാഹിനികളുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഹാലിഫാക്സ് നഗരത്തില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഹാലിഫാക്സ് മേയര്‍ ആന്‍ഡി ഫില്‍മോര്‍ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സബ്മറൈന് നിര്‍മ്മാണ കേന്ദ്രമാണ് നഗരത്തില്‍ ഉയരുക. ഇതിന്റെ നിര്‍മ്മാണത്തിന് മാത്രം ആയിരക്കണക്കിന് വിദഗ്ദ്ധ തൊഴിലാളികള്‍ ആവശ്യമായി വരും.
എന്നാല്‍, നിലവിലെ ജനസംഖ്യാ വര്‍ധനയും കടുത്ത ഭവന ക്ഷാമവും നേരിടുന്ന ഹാലിഫാക്സ് നഗരത്തിലേക്ക് കൂടുതല്‍ തൊഴിലാളികള്‍ എത്തുന്നതോടെ താമസം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാകും. ഹാലിഫാക്സില്‍ ഇപ്പോള്‍ തന്നെ വീടുകള്‍ക്ക് വന്‍ വിലക്കയറ്റമാണുള്ളതെന്ന് മേയര്‍ പറഞ്ഞു.

കോവിഡ് കാലത്തിന് മുന്‍പ് ശരാശരി 3 ലക്ഷം ഡോളര്‍ വിലയുണ്ടായിരുന്ന ഒരു സാധാരണ വീടിന് ഇപ്പോള്‍ ഹാലിഫാക്സില്‍ 6 ലക്ഷം ഡോളറിന് മുകളിലാണ് വിപണി മൂല്യം. കാനഡയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വാടകയുള്ള നഗരങ്ങളിലൊന്നായി ഹാലിഫാക്സ് മാറിക്കഴിഞ്ഞു.
തൊഴില്‍ തേടി എത്തുന്നവര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഭവനസൗകര്യം ഒരുക്കുക എന്നത് നഗരസഭയ്ക്കും പ്രവിശ്യാ സര്‍ക്കാരിനും വലിയ ബാധ്യതയാകും. കുറഞ്ഞ വരുമാനക്കാരായ സാധാരണ ജനങ്ങളെ ഈ പ്രതിസന്ധി കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. അന്തര്‍വാഹിനികള്‍ എത്തുന്നതിന് മുന്‍പ് തന്നെ നഗരത്തിലെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
