Wednesday, July 8, 2026

കാത്തിരുന്ന അന്തര്‍വാഹിനി കരാര്‍ കിട്ടിയില്ല; കാനഡുമായുളള പദ്ധതികളില്‍ നിന്ന് പിന്മാറി ദക്ഷിണ കൊറിയ

ഓട്ടവ: കാനഡയുടെ പുതിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള വന്‍കിട കരാര്‍ ജര്‍മ്മന്‍ കമ്പനിയായ TKMS സ്വന്തമാക്കിയതിന് പിന്നാലെ കാനഡയിലെ പദ്ധതികളില്‍ നിന്ന് പിന്മാറി ദക്ഷിണ കൊറിയ. ഒന്റാരിയോയിലെ ഹാമില്‍ട്ടണില്‍ മൊഹാവ്ക് കോളേജ് (Mohawk College), ഒന്റാരിയോ ഷിപ്പ്യാര്‍ഡ്‌സ് എന്നിവയുമായി ചേര്‍ന്ന് സ്ഥാപിക്കാനിരുന്ന വന്‍കിട കപ്പല്‍ നിര്‍മ്മാണ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹാന്‍വ ഓഷ്യന്‍ (Hanwha Ocean) പിന്മാറിയത്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിലൊന്നായ 12 പുതിയ അന്തര്‍വാഹിനികളുടെ നിര്‍മ്മാണത്തിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ജര്‍മ്മന്‍ കമ്പനിയായ തൈസന്‍ക്രുപ്പ് മറൈന്‍ സിസ്റ്റംസിനെ (TKMS) തിരഞ്ഞെടുത്തതാണ് ഹാന്‍വ ഓഷ്യനെ ചൊടിപ്പിച്ചത്. കാനഡയുടെ ഈ പ്രതിരോധ കരാര്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാന്‍വ, ഒന്റാരിയോ ഷിപ്പ്യാര്‍ഡ്‌സുമായും മൊഹാവ്ക് കോളേജുമായും ചേര്‍ന്ന് കോടിക്കണക്കിന് ഡോളറിന്റെ പരിശീലന കേന്ദ്രത്തിനായുള്ള പ്രാഥമിക കരാറില്‍ (MOU) ഒപ്പുവെച്ചിരുന്നത്.

കരാര്‍ തങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ കാനഡയിലെ എല്ലാ പങ്കാളിത്തങ്ങളും ചര്‍ച്ചകളും പൂര്‍ണ്ണമായി അവസാനിപ്പിക്കുകയാണെന്ന് ഹാന്‍വ കാനഡയുടെ വക്താവ് കീലന്‍ ഗ്രീന്‍ വ്യക്തമാക്കി. ഹാന്‍വയുടെ സാങ്കേതിക വിദ്യയും പിന്തുണയും നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാണെങ്കിലും, പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കില്ലെന്നും മൊഹാവ്ക് കോളേജുമായി ചേര്‍ന്ന് കപ്പല്‍ നിര്‍മ്മാണ പരിശീലന പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഒന്റാരിയോ ഷിപ്പ്യാര്‍ഡ്‌സ് സി.ഇ.ഒ സീന്‍ പഡുലോ അറിയിച്ചു.

വെല്‍ഡിങ്, ഇലക്ട്രിക്കല്‍, റോബോട്ടിക്‌സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ലഭിക്കേണ്ട പ്രൊജക്റ്റായിരുന്നു ഇത്. കൂടാതെ, കരാര്‍ ലഭിച്ചിരുന്നെങ്കില്‍ കാനഡയിലെ അല്‍ഗോമ സ്റ്റീല്‍ കമ്പനിക്ക് 345 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നല്‍കുമെന്നും ഹാന്‍വ വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍ ജര്‍മ്മന്‍ കമ്പനിയുമായി കരാര്‍ ഒപ്പിടാനുള്ള ചര്‍ച്ചകളിലാണ് കനേഡിയന്‍ സര്‍ക്കാര്‍. എന്നാല്‍ ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ റിസര്‍വ് ലിസ്റ്റിലുള്ള ഹാന്‍വയെ വീണ്ടും പരിഗണിക്കുമെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!