എഡ്മിന്റന്‍: മാസങ്ങളായുള്ള ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ ഹൈവേ 63-ന്റെ അറ്റകുറ്റപ്പണികള്‍ക്കായി 15 മില്യണ്‍ ഡോളര്‍ അനുവദിച്ച് ആല്‍ബര്‍ട്ട സര്‍ക്കാര്‍. റോഡിന്റെ തകര്‍ച്ചയെക്കുറിച്ചും യാത്രാക്ലേശത്തെക്കുറിച്ചും യാത്രക്കാരും പ്രാദേശിക ഭരണകൂടങ്ങളും നിരന്തരം പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഈ അടിയന്തര നടപടി. റോഡ് റീസര്‍ഫേസ് ചെയ്യുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഈ തുക വിനിയോഗിക്കുമെന്ന് ആല്‍ബര്‍ട്ട ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
ഹൈവേ 63-ന്റെ അറ്റകുറ്റപ്പണികള്‍ക്കായി മാത്രം 15 മില്യണ്‍ ഡോളര്‍ (ഏകദേശം 1.5 കോടി ഡോളര്‍) അനുവദിച്ചതായി ഗതാഗത മന്ത്രി ഡെവിന് ഡ്രീഷേന് അറിയിച്ചു. പ്രവിശ്യയുടെ ആകെ ഹൈവേ സംരക്ഷണ ബജറ്റില്‍ വരുത്തിയ 22.4 മില്യണ്‍ ഡോളറിന്റെ വര്‍ധനയുടെ ഭാഗമായാണ് ഈ തുക നീക്കിവെച്ചിരിക്കുന്നത്. ശീതകാലത്തെ മഞ്ഞുരുകലിന് പിന്നാലെ ഹൈവേയിലുടനീളം വന്‍ കുഴികള്‍ രൂപപ്പെട്ടത് കടുത്ത യാത്രാക്ലേശത്തിനും വാഹനങ്ങളുടെ തകരാറുകള്‍ക്കും കാരണമായിരുന്നു. തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മുഹമ്മദ് തറാബിന്‍ എന്ന പ്രാദേശിക നിവാസിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സ്വയം റോഡിലെ കുഴികള്‍ അടയ്ക്കാനിറങ്ങിയിരുന്നു. ഇത്തരത്തില്‍ വന്‍ ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രവിശ്യാ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍.

പുതിയ ഫണ്ട് ഉപയോഗിച്ച് ഫോര്‍ട്ട് മക്മറെയിലൂടെ കടന്നുപോകുന്ന ഭാഗമുള്‍പ്പെടെയുള്ള റോഡുകള്‍ നവീകരിക്കുമെന്നും, വാണ്ടറിങ് റിവറിന് സമീപമുള്ള 48 കിലോമീറ്റര്‍ ഭാഗവും ഹൈവേ 63, 881 എന്നിവയിലെ 30 കിലോമീറ്റര്‍ ഭാഗവും റീ-പേവ് ചെയ്യുന്നതിനുള്ള പുതിയ കരാറുകള്‍ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വര്‍ഷങ്ങളായി നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുന്ന ഫോര്‍ട്ട് മക്മറെ-വുഡ് ബഫല്ലോ എം.എല്‍.എ ടാനി യാവോയും, റീജിയണല്‍ മുന്‍സിപ്പാലിറ്റി മേയര്‍ സാന്റി ബോവ്മാനും പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.
തീരുമാനം അല്പം വൈകിയെങ്കിലും സ്വാഗതാര്‍ഹമാണെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സാധാരണക്കാര്‍ പ്രവിശ്യാ ഹൈവേകളില്‍ സ്വയം അറ്റകുറ്റപ്പണികള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്ന് എം.എല്‍.എ ഓര്‍മ്മിപ്പിച്ചു.എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപനം വെറും വാക്കില്‍ ഒതുങ്ങരുതെന്നും ഒരു വാരത്തിനകം പണികള്‍ ആരംഭിച്ചില്ലെങ്കില്‍ തങ്ങളുടെ വോളന്റിയര്‍ സംഘവുമായി വീണ്ടും തെരുവിലിറങ്ങി ബാക്കി കുഴികള്‍ അടയ്ക്കുമെന്നും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ മുഹമ്മദ് തറാബിന്‍ മുന്നറിയിപ്പ് നല്കി.
