ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതമായി ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. എച്ച്പിസിഎൽ (Hindustan Petroleum Corporation Limited), ബിപിസിഎൽ (Bharat Petroleum Corporation Limited), ഐഒസിഎൽ(Indian Oil Corporation Limited) തുടങ്ങിയ കമ്പനികളുടെ നഷ്ടം 47,700 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.
ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ കണക്കുകൾ പ്രകാരം എച്ച്പിസിഎൽ 13,900 കോടി രൂപയും ബിപിസിഎൽ 15,800 കോടി രൂപയും ഐഒസിഎൽ 17,300 കോടി രൂപയും നഷ്ടം നേരിടുമെന്നാണ് കണക്ക്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപ്പനയിലുണ്ടായ നഷ്ടമാണ് കമ്പനികളുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പെട്രോളും ഡീസലും ലിറ്ററിന് 20 മുതൽ 21 രൂപ വരെ നഷ്ടത്തിലാണ് കമ്പനികൾ വിറ്റതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ലിറ്ററിന് പരമാവധി അഞ്ച് രൂപയായിരുന്നു എണ്ണക്കമ്പനികളുടെ നഷ്ടമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരത കമ്പനികളുടെ നഷ്ടം വലിയ തോതിൽ ഉയർത്തിയിരിക്കുകയാണ്.ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യലിന്റെ വിലയിരുത്തലിലും എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ എന്നിവയുടെ മൊത്തം നഷ്ടം 47,000 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നാണ് സൂചന.
നഷ്ടക്കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യതകൾ നിലവിൽ കുറവാണെന്നാണ് വിപണി വിലയിരുത്തൽ.
