ബ്യൂണസ് ഐറിസ്: പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന് ചീഫ് പൈലറ്റ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പറന്നുയര്‍ന്ന വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 22 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി അസാമാന്യ ധൈര്യം സംഭരിച്ച് വിമാനം സുരക്ഷിതമായി താഴെയിറക്കി. വിമാനത്തില്‍ വിദ്യാര്‍ത്ഥിനിയെ തനിച്ചാക്കിയാണ് നാല്‍പ്പത്തിരണ്ടുകാരനായ ഇന്‍സ്ട്രക്ടറും ചീഫ് പൈലറ്റുമായ ലിയാന്‍ഡ്രോ ആന്‍ഡ്രേസ് ബെര്‍ട്ടാസോ ജീവനൊടുക്കിയത്. അര്‍ജന്റീനയിലെ മധ്യ പ്രവിശ്യയായ ടോളിഡോയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
സെസ്ന 150 എന്ന ചെറുവിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടയിലാണ് ബെര്‍ട്ടാസോ ഈ ദാരുണമായ തീരുമാനമെടുത്തത്. റൊസാരിയോ എന്ന പെണ്‍കുട്ടിയായിരുന്നു ഈ സമയം വിമാനത്തില്‍ കൂടെയുണ്ടായിരുന്നത്. വിമാനം ആകാശത്തുവെച്ച് നിയന്ത്രിക്കുന്നതിനിടെ ബെര്‍ട്ടാസോ പെട്ടെന്ന് തന്റെ ഹെഡ്‌സെറ്റും സീറ്റ് ബെല്‍റ്റും ഊരിമാറ്റിയ ശേഷം പെണ്‍കുട്ടിയോട്, ‘നിനക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമല്ലോ, മുന്നോട്ട് പോവുക’ എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ വാതില്‍ ബലമായി തുറന്ന് അദ്ദേഹം പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.

മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കുന്ന വിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച് തുറക്കുക എന്നത് കഠിനവും അപകടകരവുമായ കാര്യമാണെന്ന് ഫ്‌ലൈയിംഗ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്‍സ്ട്രക്ടര്‍ പെട്ടെന്ന് താഴേക്ക് ചാടിയതോടെ കടുത്ത മാനസിക ആഘാതത്തിലായ വിദ്യാര്‍ത്ഥിനി, നിയന്ത്രണം നഷ്ടമാകാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. വിമാനത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. വിദ്യാര്‍ത്ഥിനിക്ക് സ്വകാര്യ പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഇന്‍സ്ട്രക്ടര്‍ ഇല്ലാതെ ഒറ്റയ്ക്ക് വിമാനം പറത്തിയുള്ള പരിചയം കുറവായിരുന്നു.
വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള മികച്ചൊരു പൈലറ്റായിരുന്നു ബെര്‍ട്ടാസോ എന്നും, ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഇടയായ സാഹചര്യം വ്യക്തമല്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തിന് തൊട്ടുമുന്‍പ് മറ്റൊരു വിദ്യാര്‍ത്ഥിയുമായി അദ്ദേഹം വിജയകരമായി പറക്കല്‍ നടത്തിയിരുന്നു. അര്‍ജന്റീനയിലും ചിലിയിലും ദീര്‍ഘകാലം ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിട്ടുള്ള ബെര്‍ട്ടാസോ മുന്‍പ് ചില മാനസികാരോഗ്യ ചികിത്സകള്‍ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അര്‍ജന്റീനയിലെ ഫെഡറല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
