കാല്‍ഗറി: ആല്‍ബര്‍ട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ഡോളറിന്റെ എനര്‍ജി റീബേറ്റ് പദ്ധതിയില്‍ വ്യക്തിഗത വിവരങ്ങള്‍ കൈമാറേണ്ടി വരുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യക്തിവിവരങ്ങള്‍ ചോദിക്കുന്നത് സ്വകാര്യതാ ലംഘനമെന്ന് ആക്ഷേപം. എന്നാല്‍ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ഓണ്‍ലൈന്‍ വഴിയുള്ള ഈ കര്‍ശനമായ പരിശോധനാ രീതി അനിവാര്യമാണെന്നാണ് ഭരണകക്ഷിയായ യുസിപി (UCP) സര്‍ക്കാരിന്റെ നിലപാട്.
വാര്‍ഷിക വരുമാനം 2,25,000 ഡോളറോ അതില്‍ താഴെയോ ഉള്ള യോഗ്യരായ ആല്‍ബര്‍ട്ട നിവാസികള്‍ക്കാണ് ഈ ആശ്വാസധനത്തിന് അര്‍ഹതയുള്ളത്. ഇതിനായി അപേക്ഷകര്‍ തങ്ങളുടെ വെരിഫൈഡ് ആയ Alberta.ca അക്കൗണ്ട് വഴി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ അപേക്ഷ പൂര്‍ത്തിയാക്കാന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പറും (SIN) നികുതി വിവരങ്ങളും ഉള്‍പ്പെടെയുള്ള നിരവധി വ്യക്തിഗത വിവരങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫോട്ടോയും സെല്‍ഫിയും നല്‍കിയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പുവരുത്തേണ്ടതുമുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറിയിലെ സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ പ്രൊഫസര്‍ ടോം കീനന്‍ പറയുന്നതനുസരിച്ച്, പ്രോഗ്രാമിന്റെ സുതാര്യതയ്ക്ക് ഇത്തരം വിവരങ്ങള്‍ ആവശ്യമാണെങ്കിലും, എല്ലാ വിവരങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മുന്‍കാലങ്ങളിലെപ്പോലെ പേപ്പര്‍ ചെക്കുകള്‍ അയക്കുന്നത് ഇപ്പോഴത്തെ കാലത്ത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവിശ്യാ നിവാസികളുടെ സ്വകാര്യത സംരക്ഷിക്കുന്നതോടൊപ്പം തന്നെ നികുതിപ്പണം കൃത്യമായ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി. 350 മില്യണ്‍ ഡോളര്‍ ചിലവഴിക്കുന്ന ഈ പദ്ധതിയില്‍ തട്ടിപ്പുകള്‍ നടക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ പരിശോധനകളെന്ന് അവര്‍ പറഞ്ഞു.
ഏറ്റവും ഉയര്‍ന്ന സുരക്ഷയും തട്ടിപ്പ് പ്രതിരോധവും ഉറപ്പാക്കാനാണ് ഇന്ററാക് (Interac) സംവിധാനം തിരഞ്ഞെടുത്തതെന്ന് സാങ്കേതിക-നൂതനത്വ മന്ത്രി നേറ്റ് ഗ്ലൂബിഷ് പറഞ്ഞു. അപേക്ഷകര്‍ക്ക് നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളില്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. പോര്‍ട്ടല്‍ വഴി ഇതിനകം 3,55,000-ത്തോളം അല്‍ബെര്‍ട്ട നിവാസികള്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നവര്‍ക്ക് 2026 സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്.
