Thursday, July 9, 2026

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍, അപ്പീലില്‍ അന്തിമ വിധി വരുന്നത് വരെ വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് രാജ വിജയരാഘവന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്. കേസില്‍ തനിക്കെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് പള്‍സര്‍ സുനിയുടെ പ്രധാന വാദം.

എന്നാല്‍, പള്‍സര്‍ സുനിയുടെ ആവശ്യത്തെ കടുത്ത ഭാഷയിലാണ് ഇരയായ നടി ഹൈക്കോടതിയില്‍ എതിര്‍ത്തത്. പ്രതികള്‍ ചെയ്തത് കടുത്ത ക്രൂരതയും ഹീനമായ കുറ്റകൃത്യവുമാണെന്ന് നടി കോടതിയെ ബോധിപ്പിച്ചു. കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ക്ക് വിചാരണ കോടതി 20 വര്‍ഷം കഠിനതടവാണ് വിധിച്ചിരുന്നത്. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒരു കൊടും ക്രിമിനലാണെന്നും തുടര്‍ച്ചയായി ജാമ്യാപേക്ഷകള്‍ നല്‍കി കോടതി സമയം നഷ്ടപ്പെടുത്തിയതിന് മുന്‍പ് പ്രതിക്ക് കോടതി പിഴയിട്ടിട്ടുള്ളതാണെന്നും നടി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ പ്രതി മറ്റൊരു ക്രിമിനല്‍ കേസില്‍ വീണ്ടും പ്രതിയായ കാര്യവും നടി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും അതിനാല്‍ ശിക്ഷ മരവിപ്പിക്കരുതെന്നും നടി വാദിച്ചു. ഇരുവിഭാഗത്തിന്റേയും വിശദമായ വാദങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് കോടതി കേസ് വിധി പറയാന്‍ മാറ്റിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!