Saturday, July 11, 2026

‘ഇനിയിവിടെ കുടിയേറ്റക്കാര്‍ വേണ്ട’; ഓസ്‌ട്രേലിയയില്‍ മോദിക്ക് നേരെ അലറി തീവ്ര വലതുപക്ഷവാദി

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ തീവ്ര വലതുപക്ഷവാദിയുടെ പ്രതിഷേധം. മോദി താമസിച്ചിരുന്ന മെല്‍ബണിലെ ഹോട്ടലില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് വംശീയ അധിക്ഷേപങ്ങള്‍ അടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഓസ്ട്രേലിയയില്‍ എത്തി മണിക്കൂറുകള്‍ക്കകമാണ് സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്ത്തിയ ഈ സംഭവമുണ്ടായത്.

മെല്‍ബണ്‍ സ്വദേശിയായ ഹ്യൂഗോ ലെനോണ്‍ എന്ന 22-കാരനാണ് മോദിക്ക് നേരെ പ്രതിഷേധവുമായി ബഹളം വെച്ചത്. പ്രധാനമന്ത്രി ഹോട്ടല്‍ ലോബിയിലൂടെ റെഡ് കാര്‍പെറ്റിലൂടെ നടന്നു നീങ്ങുന്നതിനിടെ, തൊട്ടുമുകളിലെ ബാല്‍ക്കണിയില്‍ നിന്നുമാണ് ഇയാള്‍ കൂച്ചുകൂട്ടി സംസാരിച്ചത്. ഓസ്ട്രേലിയയില്‍ ഇനി ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ആവശ്യമില്ലെന്നും ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഓസ്ട്രേലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇയാളെ മാറ്റുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 12:30 ഓടെയായിരുന്നു സംഭവം നടന്നതെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു.

ഹോട്ടലിലെ സംഭവത്തിന് പുറമെ, മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചടങ്ങിന് പുറത്തും ഹ്യൂഗോ ലെനോണിന്റെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് ശ്രമം നടന്നു. എന്നാല്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ഇന്ത്യന്‍ വംശജരുടെ ചെണ്ടമേളങ്ങളും മറ്റ് ആഘോഷ ശബ്ദങ്ങളും കാരണം പ്രതിഷേധക്കാരുടെ ശബ്ദം പൂര്‍ണ്ണമായി മുങ്ങിപ്പോവുകയായിരുന്നു. വിദ്വേഷം നിറഞ്ഞ പ്ലക്കാര്‍ഡുകളുമായി എത്തിയ ഇവര്‍ക്ക് ഒടുവില്‍ അവിടെ നിന്നും മടങ്ങേണ്ടി വന്നു.

ഓസ്ട്രേലിയന്‍ മാധ്യമമായ ‘സിഡ്‌നി മോണിങ് ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് പ്രകാരം, ഹ്യൂഗോ ലെനോണ്‍ ഓസ്ട്രേലിയയിലെ പ്രമുഖ നിയോ-നാസി (നവ നാസി) സംഘടനകളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉണ്ടായ കുടിയേറ്റ വിരുദ്ധ റാലി ‘മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ’ സംഘടിപ്പിച്ചതിന് പിന്നിലെ പ്രധാനികളില്‍ ഒരാളാണ് ഇയാള്‍. പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങളും താമസസ്ഥലവും ഈ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ഓണ്‍ലൈന്‍ വഴി ചോര്‍ത്തിയതായാണ് വിവരം. സംഭവത്തില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയും വിജയകരമായി പൂര്‍ത്തിയാക്കി നരേന്ദ്ര മോദി തന്റെ അടുത്ത സന്ദര്‍ശന കേന്ദ്രമായ ന്യൂസിലാന്‍ഡിലേക്ക് തിരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!