കൊച്ചി: ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത് തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ലെന്നും ഇന്‍സ്റ്റാഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ഥിക്കാനാണെന്നും നടി അന്‍സിബ ഹസന്‍. കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ ബോധ്യത്തിലാണ് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലില്‍ ഞാന്‍ മുട്ടിക്കൊണ്ടേയിരിക്കുമെന്നും അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചു.
പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇടുന്നില്ലെന്ന് പറഞ്ഞ് നടി അന്‍സിബ തന്നെ വിളിച്ചിരുന്നുവെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താന്‍ കമ്മീഷണറെ വിളിച്ചപ്പോള്‍ എഫ്‌ഐആര്‍ ഇട്ടെന്നാണ് അറിയിച്ചത്. പൊലീസിന്റെ അന്വേഷണത്തില്‍ താന്‍ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അന്‍സിബയുടെ കുറിപ്പ്
ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത് എന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇന്‍സ്റ്റഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് അപേക്ഷിക്കാനാണ് ഞാന്‍ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്.
എന്നാല്‍, കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് പൊലീസ് അതുവരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന യാഥാര്‍ഥ്യം ഞാന്‍ മനസിലാക്കുന്നത്.
പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രതികള്‍ പരാമര്‍ശിച്ച, ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പൊലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകള്‍ക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് പരാതി എഴുതിത്തള്ളാന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതേ പ്രതി നല്‍കിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ച് എന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്.
കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ ബോധ്യത്തിലാണ് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലില്‍ ഞാന്‍ മുട്ടിക്കൊണ്ടേയിരിക്കും.
