ടൊറന്റോ: വാഹനം നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൽ 85കാരനായ ഡ്രൈവർക്കെതിരെ വാട്ടർലൂ റീജനൽ പൊലീസ് കേസെടുത്തു.ജൂലൈ 10-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വാട്ടർലൂവിലെ ഡാൻസ്ബറി ഡ്രൈവ് (Dansbury Drive), ബ്രിഡ്ജ് സ്ട്രീറ്റ് വെസ്റ്റ് (Bridge Street West) മേഖലയിലെ ഒരു വീടിന്റെ മുൻഭാഗത്തേക്കാണ് വാഹനം ഇടിച്ചുകയറിയത്.
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ പ്രകാരം, ഈ കാർ വീടിന്റെ ഡ്രൈവ്വേയിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കറുത്ത കാറിന് മുകളിലേക്കാണ് ഇടിച്ചു കയറി നിന്നത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ പുറംചുവരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ ലൈസൻസ് സസ്പെൻഷനിലായിരിക്കെ വാഹനം ഓടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ വാട്ടർലൂ റീജനൽ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.
