ടൊറന്റോ:വെല്ലസ്ലി ടൗൺഷിപ്പിൽ ഉണ്ടായ വാഹനാപകടത്തിൽ കിച്ചനർ സ്വദേശിയായ 23കാരനെ വാട്ടർലൂ റീജനൽ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 5.10ഓടെയാണ് അപകടം. ക്രെസ്ലർ റോഡിനും എർബ്സ്വില്ലെ റോഡിനും ഇടയിൽ വെച്ച് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ പറ്റിയിട്ടും യുവാവ് വണ്ടി ഓടിക്കാൻ ശ്രമിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് നേരത്തെ പ്രവിശ്യാതലത്തിൽ സസ്പെൻഡ് ചെയ്തതായും കാനഡയിലുടനീളം ഡ്രൈവിംഗ് നിരോധനം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും യുവാവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതടക്കം ആറ് കുറ്റങ്ങൾ പൊലീസ് ചുമത്തിയിട്ടുണ്ട്.

യുവാവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ:
- മദ്യപിച്ച നിലയിൽ വാഹനം ഓടിക്കൽ
- രക്തത്തിലെ മദ്യത്തിന്റെ അളവ് പരിധിക്ക് മുകളിലുള്ള സാഹചര്യത്തിൽ വാഹനം ഓടിക്കൽ
- അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ
- ഡ്രൈവിംഗ് നിരോധനം നിലനിൽക്കെ വാഹനം ഓടിക്കൽ
- സസ്പെൻഡ് ചെയ്ത ലൈസൻസോടെ വാഹനം ഓടിക്കൽ (രണ്ട് കേസുകൾ)
- നൊവീസ് ഡ്രൈവറായിരിക്കെ രക്തത്തിലെ മദ്യത്തിന്റെ അളവ് പൂജ്യത്തിന് മുകളിലായിരിക്കുക
പ്രതിയെ ജാമ്യ നടപടികൾക്കായി കോടതിയിൽ ഹാജരാക്കുന്നതിനായി പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാഷ് ക്യാമറ ദൃശ്യങ്ങളോ ഉള്ളവർ 519-570-9777 എന്ന നമ്പറിൽ (എക്സ്റ്റൻഷൻ 7030) വാട്ടർലൂ റീജനൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
