മൺട്രിയോൾ: കാനഡയിലെ ഓൾഡ് മൺട്രിയോളിൽ സെന്റ് ലോറൻസ് നദിയിൽ വീണ് കാണാതായ യുവാവിനായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ടെറസ് ബോൺസെക്കേഴ്സിന് (Terrasse Bonsecours) സമീപം ഒരാൾ വെള്ളത്തിൽ വീണതായി മൺട്രിയോൾ പൊലീസിന് (SPVM) അടിയന്തര സന്ദേശം ലഭിക്കുന്നത്. കനേഡിയൻ കോസ്റ്റ് ഗാർഡും മൺട്രിയോൾ ഫയർ ഡിപ്പാർട്ട്‌മെന്റും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പ്രാഥമിക അന്വേഷണത്തിൽ യുവാവ് സ്വയം വെള്ളത്തിലേക്ക് ചാടിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സംഭവത്തിൽ മറ്റ് ദുരൂഹതകളോ ക്രിമിനൽ പശ്ചാത്തലമോ പൊലീസ് സംശയിക്കുന്നില്ല. ശക്തമായ അടിയൊഴുക്കുള്ളതിനാൽ ആദ്യഘട്ട ബോട്ട് തിരച്ചിൽ ദുഷ്‌കരമായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ പ്രത്യേക പൊലീസ് ഡൈവർമാരാണ് തിരച്ചിൽ പുനരാരംഭിച്ചത്.അതേസമയം, കാണാതായ യുവാവിന്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
