വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ പ്രധാനപ്പെട്ട ഊർജ-നാവിക പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും, ഈ പാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമ്പന്ന രാജ്യങ്ങളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും കാലം അമേരിക്ക യാതൊരു പ്രതിഫലവും കൂടാതെയാണ് ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കിയതെന്നും ഇനി ആ രീതി തുടരുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സൈനികരുടെ സേവനത്തിനും അപകടസാധ്യതകൾക്കും അർഹമായ പ്രതിഫലം ലഭിക്കേണ്ടതുണ്ടെന്നും, അതിനാൽ ഹോർമൂസ് വഴി ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളിൽ നിന്ന് വലിയ തുക ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള ഏറ്റുമുട്ടലിൽ ഇറാന്റെ സൈനിക ശേഷിക്ക് വലിയ തിരിച്ചടി നൽകിയതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന, വ്യോമസേന, മിസൈൽ സംവിധാനങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായെന്നും ചില ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
മുൻപ് ഉണ്ടായിരുന്ന വെടിനിർത്തൽ ധാരണകൾ അവസാനിച്ചതായും അമേരിക്കൻ ആക്രമണങ്ങൾ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ചർച്ചകളിൽ ഇറാൻ ആദ്യം ചില കാര്യങ്ങൾ അംഗീകരിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയതാണ് സംഘർഷം വീണ്ടും ശക്തമാകാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം താൽക്കാലികമായി തടഞ്ഞതായി ഇറാൻ അറിയിച്ചു. അമേരിക്കൻ സൈനിക നടപടികളെ തുടർന്ന് നിലവിൽ കപ്പലുകൾക്ക് കടലിടുക്ക് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി വ്യക്തമാക്കി.പ്രദേശത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതുവരെ യാത്രാനുമതി നിർത്തിവച്ചിരിക്കുകയാണെന്നും പിന്നീട് അനുമതിക്കായി അപേക്ഷിക്കാമെന്നും ഇറാൻ അറിയിച്ചു.
ലോകത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള ഊർജ വിപണിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതം തടസപ്പെടുമെന്ന ഭീതിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരാൻ തുടങ്ങിയിട്ടുണ്ട്.
