ഓട്ടവ: ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി പുതിയ നിയമനിർമാണവുമായി മുന്നോട്ടുപോകുമ്പോഴും, അതിനുള്ള നിയമപരമായ ബാധ്യത തങ്ങൾക്ക് ഇല്ലെന്ന നിലപാടിൽ കാനഡയിലെ കാർണി സർക്കാർ കോടതിപ്പോരാട്ടം തുടരുന്നു.
ഷമാറ്റവ ഫസ്റ്റ് നേഷൻ നൽകിയ ക്ലാസ് ആക്ഷൻ ഹർജിയിൽ കുടിവെള്ളം ലഭിക്കാനുള്ള അവകാശം അംഗീകരിച്ച് ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. റിസർവ് പ്രദേശങ്ങളിൽ സുരക്ഷിതമായ കുടിവെള്ളം നൽകാൻ കാനഡയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് ഫെഡറൽ അപ്പീൽ കോടതി പ്രഖ്യാപിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
കഴിഞ്ഞ ഡിസംബറിൽ ജസ്റ്റിസ് പോൾ ഫാവെൽ പുറപ്പെടുവിച്ച വിധിയിൽ, റിസർവ് ഭൂമികളിൽ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നത് ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങളുടെ അവകാശമാണെന്നും, ആ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതിനാൽ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കാനഡയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ വിധി നിലവിലുള്ള നിയമപരമായ ബാധ്യതകൾക്ക് അപ്പുറത്തേക്ക് പോകുന്നതാണെന്നും, ഇത് സർക്കാരിന് പരിധിയില്ലാത്ത ബാധ്യത സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കാനഡ സർക്കാർ മേയ് 29ന് അപ്പീൽ നൽകിയത്.കോടതിയിലെ വാദത്തിനിടെ ഫെഡറൽ അഭിഭാഷകർ, ഫസ്റ്റ് നേഷൻസ് ജനങ്ങളുടെ റിസർവ് ഭൂമിയോടുള്ള അവകാശങ്ങളിൽ കുടിവെള്ളം ഉൾപ്പെടുന്നില്ലെന്നും, വെള്ളം ഭൂമിയുടെ ഭാഗമല്ലെന്നും വാദിച്ചു.
അതേസമയം, ഈ നിയമനടപടി ഫസ്റ്റ് നേഷൻസ് ക്ലീൻ വാട്ടർ ആക്ട് (ബിൽ C-37) ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ഷമാറ്റവയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മൈക്കൽ റോസൻബെർഗ് ആരോപിച്ചു.

മുൻ നിർദേശങ്ങളിൽ സുരക്ഷിതമായ കുടിവെള്ളത്തിനുള്ള ഫസ്റ്റ് നേഷൻസ് അവകാശം വ്യക്തമായി അംഗീകരിച്ചിരുന്നുവെങ്കിലും, പുതിയ ബില്ലിൽ ആ അവകാശം നടപ്പാക്കുന്നത് കാനഡയുടെ നയമായി മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയിലെ സർക്കാരിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി നിയമഭാഷയിൽ മാറ്റം വരുത്തിയതായും അദ്ദേഹം ആരോപിച്ചു.
ഫെഡറൽ സർക്കാരിന്റെ നിലപാട് രാഷ്ട്രീയ നീക്കമാണെന്ന് ജെ.എഫ്.കെ ലോയിലെ മുതിർന്ന അഭിഭാഷകൻ ക്ലേട്ടൺ ലിയോനാർഡും വിമർശിച്ചു.അതേസമയം, അപ്പീൽ നൽകിയത് വിഷയങ്ങളിൽ കൂടുതൽ വ്യക്തത തേടുന്നതിനാണെന്ന് ഇൻഡിജിനസ് സർവീസസ് കാനഡ വ്യക്തമാക്കി. ഷമാറ്റവ ഫസ്റ്റ് നേഷനിലെ ജലശുദ്ധീകരണ പ്ലാന്റിനായി 2019 മുതൽ 26.5 ദശലക്ഷം ഡോളർ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
2020 ജൂൺ 20 മുതൽ കുടിവെള്ള മുന്നറിയിപ്പ് നേരിട്ട എല്ലാ ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങൾക്കുമായി ഷമാറ്റവ ഫസ്റ്റ് നേഷനും ചീഫ് ജോർദ്ന ഹില്ലും ചേർന്നാണ് 1.1 ബില്യൺ ഡോളറിന്റെ ക്ലാസ് ആക്ഷൻ കേസ് നൽകിയിരിക്കുന്നത്.ലിബറൽ സർക്കാർ തദ്ദേശീയരുടെ അവകാശങ്ങളിൽ നിന്ന് പിന്മാറുകയാണെന്ന് എൻഡിപി എംപി ലിയ ഗാസനും കൺസർവേറ്റീവ് വിമർശകൻ ബില്ലി മൊറിനും ആരോപിച്ചു.
